ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്കും? രാജകീയ ജീവിതം നയിക്കാമായിരുന്നിട്ടും ശേഷകാലം മുഴുവൻ ഭാഗ്യക്കേടിനെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെട്ട് അരിഷ്ടിച്ചു കഴിഞ്ഞു കൂടേണ്ടിവരിക. ശത്രുക്കൾക്കുപോലും ഇങ്ങനെ സംഭവിക്കരുതേയെന്നു പ്രാർഥിച്ചു പോകും.
ന്യൂയോർക്കിലുള്ള ജാനെറ്റ് വാലെന്റി എന്ന 77കാരി തനിക്കു സംഭവിച്ച ഇത്തരമൊരു ഭാഗ്യനഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അതും 31 വർഷങ്ങൾക്കുശേഷം. 1991ലാണ് ജാനെറ്റിന് ലോട്ടോ ജാക്ക്പോട്ട് അടിക്കുന്നത്. സമ്മാനത്തുക പന്ത്രണ്ട് മില്ല്യൺ ഡോളർ. അതായത് 99 കോടിയിലധികം രൂപ. ചെറിയൊരു ശ്രദ്ധക്കുറവാണ് കോടീശ്വരിയാകാനുള്ള ജാനെറ്റിന്റെ അവസരം ഇല്ലാതാക്കിയത്.
1991 ജൂലൈ മാസത്തിലാണ് ജാനെറ്റ് ബംപറടിച്ച ടിക്കറ്റ് എടുത്തത്. ആ ടിക്കറ്റ് മറ്റ് ചില ടിക്കറ്റുകൾക്കൊപ്പം മേശയിൽ വച്ചു. ലോട്ടറിഫലം പരിശോധിച്ചപ്പോൾ സമ്മാനമൊന്നും കാണാത്തതിനാൽ ടിക്കറ്റുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. അങ്ങനെ ഉപേക്ഷിച്ച ടിക്കറ്റുകളുടെ കൂട്ടത്തിൽ ഒരു ലോട്ടറി പരിശോധിച്ചിരുന്നില്ല. ആ ലോട്ടറിക്കായിരുന്നു 99 കോടി സമ്മാനം.
ഏതാനും ദിവസം കഴിഞ്ഞ് കൂട്ടുകാരിയിൽനിന്ന് നാട്ടിലെ ആർക്കോ ജാക്ക്പോട്ട് അടിച്ചിട്ടുണെന്നും ഭാഗ്യവാനെ കണ്ടെത്തിയില്ലെന്നും അറിഞ്ഞു. സംശയം തോന്നിയ ജാനെറ്റ് ഫലം വന്ന പത്രം വീണ്ടും പരിശോധിച്ചു. താനെടുത്ത ടിക്കറ്റിന്റെ നമ്പർ ജാനറ്റിന് ഓർമയുണ്ടായിരുന്നു.
അതേ നമ്പറിനുതന്നെയാണ് ബംപർ സമ്മാനമെന്നു കണ്ടപ്പോൾ അവർ സ്തംഭിച്ചുപോയി. ആ ടിക്കറ്റിനായി അവർ വീടിനകത്തും പുറത്തുമെല്ലാം തെരഞ്ഞു. എന്നാൽ, കണ്ടെത്താനായില്ല.
അഭിഭാഷകരുടെ സഹായം തേടിയെങ്കിലും ടിക്കറ്റ് ഹാജരാക്കുക എന്നതല്ലാതെ സമ്മാനത്തുക കിട്ടാൻ മറ്റൊരു മാർഗവും ഇല്ലായിരുന്നു. ഭർത്താവ് മരിച്ച ജാനെറ്റ് തനിച്ചായിരുന്നു രണ്ടു മക്കളെ വളർത്തിയിരുന്നത്. അശ്രദ്ധകൊണ്ടു മഹാഭാഗ്യം നഷ്ടപ്പെട്ട സംഭവം 31 വർഷങ്ങൾക്കുശേഷവും തന്നെ വേട്ടയാടുകയാണെന്നു ജാനെറ്റ് വേദനയോടെ പറയുന്നു.