വാഷിംഗ്ടൺ ഡിസി: 27.3 കോടി ഡോളർ സമ്മാനമടിച്ച ലോട്ടറിടിക്കറ്റ് കളഞ്ഞുകിട്ടിയിട്ടും തിരിച്ചേല്പിച്ച് അജ്ഞാതൻ. യുഎസിലെ ന്യൂജഴ്സി സ്വദേശി മൈക്ക് വെയർസ്കി ആണ് അജ്ഞാതന്റെ സന്മനസിൽ കോടീശ്വരനായത്.
കഴിഞ്ഞ വ്യാഴാഴ്ച ഫിലിഫ്സ്ബർഗിലെ കടയിൽനിന്നാണു മെഗാ മില്യൻ ജാക്പോട്ട് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് അവിടെവച്ചു മറന്നുപോയി. ഇതു കിട്ടിയ അജ്ഞാതൻ കടയുടമയ്ക്കു കൈമാറി. കടയുടമ പിന്നീട് മൈക്കിനു നല്കി. അജ്ഞാതന് ടിക്കറ്റിൽ പേരെഴുതി സമ്മാനത്തുക സ്വന്തമാക്കാമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.
മൈക്ക് ഇപ്പോൾ അജ്ഞാതനെ അന്വേഷിച്ചു നടക്കുകയാണ്. അയാൾക്ക് ഒരു സമ്മാനം കൊടുക്കുമെന്നും അതു സ്വകാര്യമാണെന്നും മൈക്ക് പറഞ്ഞു.