കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പോലീസിന്റെ അനാസ്ഥ കാരണം ഒറ്റനമ്പര്‍ ലോട്ടറി വില്പനയിലൂടെ സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികള്‍. സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റനമ്പര്‍ ലോട്ടറി മാഫിയ വളരുന്നത്. എന്നാല്‍ പിടികൂടാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പലപ്പോഴും പോലീസും തയാറാവുന്നില്ല. ഇതോടെ ഒറ്റനമ്പര്‍ മാഫിയ തഴച്ചുവളരുകയാണ്. ഒറ്റനമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ പോലീസ് പിടികൂടിയിരുന്നു.
കല്ലായ് മേലേക്കണ്ടി പറമ്പ് പ്രകാശനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന സംബന്ധിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ജില്ലയിലെ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനയിലെ മുഖ്യകണ്ണിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രകാശന്റെ സഹായികളേയും ഇനി കണ്ടെത്താനുണ്ട്.
സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ജില്ലയില്‍ സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് ഒറ്റമ്പര് ചൂതാട്ടത്തിനു പിന്നിലുള്ളവര്‍ ആരെല്ലാമാണെന്ന് കണ്ടെത്താന്‍ സാധിക്കുമെങ്കിലും പോലീസ് ഇപ്രകാരം അന്വേഷണം നടത്തുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ചൂതാട്ടം ഇപ്പോഴും വ്യാപകമാണ്.
ഇത് കേരള ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും പ്രതിവര്‍ഷം 200 കോടിയലധികം രൂപ ഒറ്റനമ്പര്‍ വ്യാജ ലോട്ടറി മാഫിയ നേടുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുടനീളം ഒരു ദിവസം നടത്തിയ റെയ്ഡില്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത് 75 ലക്ഷം രൂപയാണ്. 70 കേസുകള്‍ അന്ന് രജിസ്റ്റര്‍ ചെയ്തു .
സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നവരെ വലയിലാക്കിയാണ് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നത്. ഇതോടെ സ്ഥിരമായി ഭാഗ്യക്കുറിയെടുക്കുന്നവര്‍ കൂടുതല്‍ പണം മോഹിച്ച് ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ കണ്ണികളായി മാറിയിരിക്കുകയാണ്. ഇതുവഴി സംസ്ഥാന സര്‍ക്കാറിന് ഭീമമായ നഷ്ടമാണുണ്ടാവുന്നത്. സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നവരില്‍ ഭൂരിഭാഗത്തേയും കണ്ണികളാക്കിയാണ് ഒറ്റനമ്പര്‍ ചൂതാട്ടം സജീവമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം കസബ പോലീസ് പിടികൂടിയ കേസിലെ പ്രതിയുടെ മൊഴിയില്‍ ചൂതാട്ടത്തിനായി ഒരു ടിക്കറ്റ് എടുക്കുമ്പോള്‍ ഒരു രൂപയാണ് കടയിലുള്ള ഏജന്റിന് പ്രധാന ഏജന്റ് നല്‍കുന്നതെന്നാണ് പറഞ്ഞത്. ഇപ്രകാരം ഒരു ദിവസം 1000 രൂപയോളം കടയിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിലും കൂടുതല്‍ കമ്മീഷന് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണറിയുന്നത്.
ഭാഗ്യക്കുറി സ്ഥിരമായി എടുക്കുന്നവരെ വലയിലാക്കി ഒറ്റനമ്പര്‍ ചൂതാട്ടത്തിനായുള്ള വാട്സ് ആപ്പില്‍ അംഗങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവര്‍ ഇഷ്ടമുള്ള മൂന്നക്കനമ്പര്‍ എഴുതി നല്‍കുകയാണ് ചെയ്യേണ്ടത്. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി വാട്സ് ആപ്പ് വഴി നല്‍കണം. നമ്പറിനു നേരെ എത്ര എണ്ണമാണ് വേണ്ടെതെന്നും എഴുതണം. ഇപ്രകാരം എഴുതി ഏജന്റിന് വാട്സ് ആപ്പ് ചെയ്യും.
സംസ്ഥാന ലോട്ടറിയുടെ സമ്മാനമടിച്ച ടിക്കറ്റില്‍ അവസാന മൂന്നക്ക നമ്പര്‍ ആരെങ്കിലും എഴുതി നല്കിയിട്ടുണ്ടെങ്കില് അവര്‍ക്ക് സമ്മാനം നല്‍കും. ഒരു നമ്പര്‍ എഴുതി നല്‍കുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്. പലരും അഞ്ച് ടിക്കറ്റ് മുതല്‍ എടുക്കാറുണ്ട്. ഒരു ടിക്കറ്റിന് 5000 രൂപയാണ് ലഭിച്ചതെങ്കില്‍ അഞ്ച് ടിക്കറ്റെടുത്ത ആള്‍ക്ക് 25000 രൂപ ലഭിക്കും.
5000, 1000, 500, 250,100,50,30 എന്നീ നിരക്കില്‍ ചൂതാട്ടം നടത്തുന്നവരുണ്ട്. നന്പര് അടിച്ചാല്‍ അടുത്ത ദിവസം തന്നെ തുക ലഭിക്കുമെന്നതാണ് കൂടുതല്‍ പേരെ ചൂതാട്ടത്തിലേക്ക് ആകര്‍ഷിക്കുന്നത്. ബേപ്പൂര്‍, മാറാട്, മാത്തോട്ടം, പന്തീരാങ്കാവ്, പെരുമണ്ണ, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിരവധി തവണ പോലീസ് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കാരെ പിടികൂടിയിരുന്നു. എന്നാല്‍ തുടരന്വേഷണം നടത്താന്‍ സാധിച്ചിട്ടില്ല.