ചാലക്കുടി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ മാരാംകോട് സ്വദേശിയായ കൽപ്പണിക്കാരന്. മാരാംകോട് മഞ്ഞളി പൗലോസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ പി.കെ.ഡേവിസ് മാരാംകോടുള്ള പൗലോസിന്റെ വീട്ടിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങി.
മാരാംകോട് സെന്ററിൽ ലോട്ടറി ടിക്കറ്റ് നൽകുന്ന കൈതാരത്ത് ഷാജുവിൽനിന്നാണ് പൗലോസ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുക്കാൻ ഷാജു പറഞ്ഞപ്പോൾ പണിസ്ഥലത്തേക്കു പോകുകയായിരുന്ന പൗലോസ് മടങ്ങിവരുന്പോൾ എടുക്കാമെന്നു പറഞ്ഞു. പൗലോസ് മടങ്ങിവരുന്നതു കാത്തിരുന്നാണ് ഷാജു ടിക്കറ്റ് കൊടുത്തത്. നാലു വർഷം മുന്പ് ഒരു ലക്ഷം രൂപയുടെ സമ്മാനം ലോട്ടറിയിൽ ലഭിച്ചിട്ടുള്ള പൗലോസ് പതിവായി ടിക്കറ്റ് എടുത്തിരുന്നു.
ഇടിഞ്ഞുവീഴാറായ പഴയ വീട് പുതുക്കിപ്പണിയണം, രണ്ടു പെണ്മക്കളുടെ വിവാഹം നടത്തിയതിന്റെ കുറ്റിക്കാട് ഫാർമേഴ്സ് ബാങ്കിലുള്ള ബാധ്യത തീർക്കണം എന്നിവയാണ് ആഗ്രഹങ്ങളെന്നു പൗലോസ് പറഞ്ഞു.