പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവസം ലോട്ടറി അടിച്ചാലോ! അമ്മയ്ക്കും മകനും ഒരേദിവസം ലോട്ടറിയടിച്ചെന്ന വാർത്തയാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്നു കേൾക്കുന്നത്.
ചെറിയ തുകയുടെ സമ്മാനമൊന്നുമല്ല. ഓരോ ടിക്കറ്റിനും ലഭിച്ചത് 84 ലക്ഷം രൂപ വീതം. കുടുംബത്തിലേക്ക് ഒറ്റ ദിവസം എത്തിയത് ആകെ 1.68 കോടി രൂപ. പെർത്തിലെ കെന്റ് സ്ട്രീറ്റിൽ താമസിക്കുന്ന ആഷ്ലി ഡോയ്ക്കും അമ്മയ്ക്കുമാണ് ഇരട്ടഭാഗ്യം.
ആഷ് ലി ഒരു അധ്യാപകനാണ്. ക്ലാസിൽ പഠിപ്പിക്കാൻ തുടങ്ങുന്നതിനിടയിലാണ് ലോട്ടറിയടിച്ച വാർത്തയറിഞ്ഞത്. തനിക്കും അമ്മയ്ക്കും ഒരേസമയം ലോട്ടറിയടിച്ചെന്ന് അറിഞ്ഞയുടൻ ക്ലാസിൽനിന്നിറങ്ങി പായുകയായിരുന്നുവെന്ന് ആഷ് ലി പറഞ്ഞു.
സമീപത്ത് താമസിക്കുന്ന രണ്ടാനച്ഛൻ അഡ്രിയാൻ പെനോക്കിനെയാണ് ആദ്യം വിളിച്ച് സന്തോഷവാർത്ത പറഞ്ഞത്. പീപ്പിൾസ് പോസ്റ്റ് കോഡ് മില്യണയർ സ്ട്രീറ്റ് ലോട്ടറിയിലായിരുന്നു സമ്മാനം. ഒരു നറുക്കെടുപ്പിൽ 11 പേർക്കു മാത്രം സമ്മാനം നൽകുന്ന ലോട്ടറിയാണിത്.