വാഷിംഗ്ടൺ: 2800 കോടിയിലധികം രൂപ ലോട്ടറിയടിച്ചെന്ന് അറിഞ്ഞ് മതിമറന്നു ടിക്കറ്റുമായി അധികൃതരെ സമീപിച്ചപ്പോൾ “സോറി, നിങ്ങൾക്കല്ല ലോട്ടറി അടിച്ചത്, നന്പർ നൽകിയപ്പോൾ തെറ്റു സംഭവിച്ചതാണ്’ എന്നു കേട്ടാൽ എന്താവും അവസ്ഥ. അമേരിക്കക്കാരനായ ജോൺ ചീക്സിനാണ് അത്തരമൊരു ദുർഗതി സംഭവിച്ചത്.
വാഷിംഗ്ടൺ ഡിസി ലോട്ടറിയുടെ വെബ്സൈറ്റിൽനിന്നാണു താൻ എടുത്ത ലോട്ടറി ടിക്കറ്റിനു കോടികൾ സമ്മാനമടിച്ചെന്നു ജോൺ അറിയുന്നന്നത്. ഉടൻത്തന്നെ അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
കൂട്ടുകാരന്റെ നിർദേശപ്രകാരം സമ്മാനമടിച്ച ലോട്ടറിയുടെ ഫോട്ടോ എടുത്തുവച്ചു. പിറ്റേന്നു ലോട്ടറി ഓഫീസിൽ ടിക്കറ്റുമായി ചെന്നപ്പോഴാണു വെബ്സൈറ്റിൽ നിങ്ങളുടെ ലോട്ടറിയുടെ നമ്പർ തെറ്റായി വന്നതാണെന്നു പറയുന്നത്. ലോട്ടറി ടിക്കറ്റ് ഹാജരാക്കിയപ്പോൾ അതിന്റെ അവസ്ഥ മോശമായിരുന്നെന്ന മറ്റൊരു ന്യായവും അധികൃതർ പറഞ്ഞു.
ലോട്ടറി അടിച്ച സന്തോഷം ജോണിൽനിന്നു നിമിഷംകൊണ്ട് ആവിയായി പോയി. മഹാഭാഗ്യത്തിന്റെ ഉത്തുംഗശൃംഗത്തിൽനിന്നു ഭാഗ്യക്കേടിന്റെ അഗാധഗർത്തത്തിലേക്കു വീണ സ്ഥിതി. പക്ഷേ വിട്ടുകൊടുക്കാൻ ജോൺ തയാറല്ല. ലോട്ടറി അധികൃതർക്കെതിരേ കേസ് കൊടുത്ത ജോൺ തനിക്കു ലഭിക്കേണ്ട സമ്മാനത്തുകയും കേസിനു ചെലവാക്കിയ തുകയും തിരികെ കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കുകയാണ്. കിട്ടുമോ എന്നു കണ്ടറിയണം!