കോട്ടയം : കേരള ലോട്ടറിയുടെ വില 40 രൂപയിൽ നിന്നും 50 രൂപയാക്കാൻ സർക്കാർ നീക്കം.
അടുത്ത മാസം ആദ്യം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വില വർധന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കോവിഡിന്റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതൽ വഷളായ സംസ്ഥാന സർക്കാർ വരുമാന വർധനവിന്റെ ഭാഗമായിട്ടാണ് ലോട്ടറിയുടെ വില വർധിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു ധനവകുപ്പ്
എന്നാൽ ലോട്ടറി വില വർധിപ്പിക്കുന്ന ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു.
ഒരു കാരണവശാലും ടിക്കറ്റ് തുക വർധിപ്പിക്കരുതെന്നാണ് എല്ലാ തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്.
എന്നാൽ ഓരോ ദിവസവും ഒരു കോടി രൂപയുട സമ്മാനങ്ങൾ ഉൾപ്പെടുത്തി സമ്മാന ഘടനയിൽ മാറ്റം വരുത്തുമെന്നാണ് സർക്കാരിന്റെ വാദം.
വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലോട്ടറി ബന്ദ് ഉൾപ്പെടെയുള്ള അനിശ്ചിത കാല സമരം ആരംഭിക്കുവാൻ ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ്് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന ക·റ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
സമരത്തിന്റെ ഒന്നാം ഘട്ടമായി കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തിയിരുന്നു.
30 രൂപയായിരുന്ന ടിക്കറ്റിന്റെ വില 40 രൂപയായി ഇടതു സർക്കാർ വർധിപ്പിച്ചതോടെ ഓഫീസുകളിൽ ദിവസേന ലക്ഷകണക്കിന് ടിക്കറ്റുകൾ മിച്ചം വരുകയും വിൽപ്പന തൊഴിലാളികളുടെ കൈയ്യിൽ ടിക്കറ്റുകൾ വിറ്റുപോകാതെ യാതൊരു വരുമാനവും ഇല്ലാത്ത സാഹചര്യമാണ്.
ഭിന്നശേഷി ക്കാരും രോഗികളുമായ ലക്ഷ കണക്കിന് തൊഴിലാളികളുടെ ഏക ജീവിത മാർഗമായ ലോട്ടറിവിൽപന പ്രതിസന്ധിയിലാകുന്നതോടെ മുന്പ് ലോട്ടറി നിരോധനം ഉണ്ടായപ്പോൾ നിരവധി തൊഴിലാളികൾ ആത്മഹത്യ ചെയ്ത സാഹചര്യം ആവർത്തിക്കപ്പെടുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി.
പ്രതിവർഷം പന്ത്രണ്ടായിരം കോടി വരെ വിറ്റുവരവ് ഉണ്ടായിരുന്ന ലോട്ടറി മേഖല ഇപ്പോൾ പൂർണമായും ഉദ്യോഗസ്ഥ ഭരണനിയന്ത്രണത്തിൽ ആയതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ലോട്ടറി മേഖല കൈവശം ആക്കുവാൻ ശ്രമിക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയാകളും ലോട്ടറി വകുപ്പിലെ ഉന്നതരും ചേർന്ന ഗുഡാലോചനയാണ് വില വർധനവിനു പിന്നിലെന്നും ഒരു കാരണവശാലം വില വർധനവ് അംഗീകരിക്കില്ലെന്നും കേരള ലോട്ടറി ഏജന്റ് ആൻഡ്് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.