വൈക്കം: ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ ഇടവേളകളിൽ ഭാഗ്യക്കുറി വിറ്റ് ലഭിക്കുന്ന തുക സ്വരൂപിച്ച് രോഗികൾക്കും അശരണർക്കും നൽകി ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവർമാർ. വൈക്കം വലിയ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കാരുണ്യ പ്രവൃത്തിയിലൂടെ നാടിനാകെ മാതൃകയാകുന്നത്. വൈക്കം വലിയ കവല സ്റ്റാൻഡിൽ ഏതാനും സ്ത്രീകളടക്കം 30 ഓട്ടോറിക്ഷക്കാരാണുള്ളത്. എല്ലാവരും സ്വന്തമായി ഓട്ടോയുള്ളവർ.
സ്റ്റാൻഡിൽ ഓട്ടമില്ലാതിരുന്ന ഒരു ദിവസം സംസാരിച്ചിരിക്കുന്നതിനിടയിലാണ് ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന പദ്ധതി ആരംഭിക്കണമെന്ന ആശയം പങ്കുവച്ചത്. പലതും ആലോചിച്ചുതിനൊടുവിലാണ് ഓട്ടോസ്റ്റാൻഡിനു സമീപം തട്ടിട്ട് ഭാഗ്യക്കുറി വിൽക്കാൻ തീരുമാനിച്ചത്.
എല്ലാവരും ചേർന്ന് പിരിവെടുത്ത് 150 ഭാഗ്യക്കുറി വാങ്ങി വിറ്റു. കഴിഞ്ഞ ഒരു മാസമായി ടിക്കറ്റുകൾ വിൽക്കുന്നുണ്ട്.30 ഓട്ടോറിക്ഷ ഡ്രൈവർമാരിൽ വനിതകളുമുണ്ട്.
നഗരത്തിൽ എത്തുന്ന നിരവധി പേർ ഓട്ടോറിക്ഷക്കാരുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് ടിക്കറ്റ് വാങ്ങുന്നുണ്ട്. 1000, 2000 രൂപ സമ്മാനങ്ങളും ടിക്കറ്റടുത്ത നിരവധി പേർക്ക് സമ്മാനമായും ലഭിച്ചതോടെ സ്ഥിരമായി ഓട്ടോക്കാരുടെ ടിക്കറ്റ് വാങ്ങുന്നവരുമുണ്ട്.
ദിവസേന ടിക്കറ്റ് വിറ്റ് 75ൽപ്പരം രൂപ കമ്മീഷനായി ലഭിക്കുന്നുണ്ട്. ഈ തുക കൂട്ടി വച്ച് നിർധന രോഗിയുടെ ചികിൽസയ്ക്ക് നൽകാനാണ് ഫ്രണ്ട്സ് ഓട്ടോ ഡ്രൈവേഴ്സിന്റെ തീരുമാനം.
ഇവർ കാരുണ്യസ്പർശം എന്നു പേരിട്ട പദ്ധതി വലിയ കവലയിൽ ഇന്നു വൈകുന്നേരം അഞ്ചിന് വൈക്കം ജോയിന്റ് ആർഡിഒ പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻറ് എം.ടി. പ്രകാശൻ അധ്യക്ഷത വഹിക്കും. വൈക്കം എസ്ഐ എം. സാഹിൽ ചികിത്സ ധനസഹായ വിതരണം നടത്തും.
താലൂക്ക് ആശുപത്രി ആർഎംഒ ഡോ. പി. വിനോദ്, നഗരസഭ കൗണ്സിലർ ഡി. രഞ്ജിത്ത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ്, യൂണിയൻ സെക്രട്ടറി അൻവർ സാദത്ത്, ട്രഷറർ ഷറഫുദ്ദീൻ, സി.ജി. ലൈല തുടങ്ങിയവർ പ്രസംഗിക്കും.