മാവേലിക്കര: ലോട്ടറി കച്ചവടക്കാരനോട് തോന്നിയ സഹതാപം ഭാഗ്യമായി തിരികെ കിട്ടിയപ്പോൾ ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവനും കുടുംബത്തിനും ആഹ്ളാദം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ശിവനാണ്. ഇന്നലെ രാവിലെ 7.45 ന് ചെട്ടികുളങ്ങര ദേവീക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശിവനും ഭാര്യ ഓമനയും വീടിന് മുന്നിൽ വച്ചാണ് ഒരു ലോട്ടറി കച്ചവടക്കാരനെ കണ്ടത്.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സാന്പത്തിക പരാധീനതകളെ കുറിച്ചും നന്നായി അറിയാവുന്ന ഓമനയുടെ നിർബന്ധത്തെ തുടർന്ന് ശിവൻ, സ്ത്രീശക്തി ലോട്ടറിയുടെ എസ് വൈ 170457 നന്പർ ടിക്കറ്റെടുത്തു. 35 വർഷമായി വീടുകളുടെ കോണ്ക്രീറ്റ് ജോലികൾക്ക് പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും നാലു സെന്റിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. ലക്ഷങ്ങളുടെ ബാധ്യതയുള്ള ഈ കുടുംബത്തിന് സമ്മാനതുകയായ 70 ലക്ഷം രൂപ വലിയ ആശ്വാസമാവും.
ബാധ്യത കഴിഞ്ഞുള്ള തുകയ്ക്ക് നല്ലൊരു വീട് വയ്ക്കണമെന്നാണ് മോഹമെന്ന് ശിവൻ പറഞ്ഞു. കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ കായംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇയാളുടെ ഭാര്യ കായംകുളം റെയിൽവേ സ്റ്റേഷനിൽ ലോട്ടറി കച്ചവടം നടത്തി വരുന്നു. തിരുവല്ല ടു സ്റ്റാർ ലോട്ടറി ഏജൻസിയുടേതാണ് ടിക്കറ്റ്. ഇന്നലെ വൈകുന്നേരം സമ്മാനതുക ലഭിച്ചയാളെ തിരക്കി ലോട്ടറിക്കാരൻ സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം ശിവൻ അറിയുന്നത്.
ശിവനും ഓമനയും രണ്ടു മക്കളും സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയിലെ കോയിക്കത്തറ ബ്രാഞ്ചംഗങ്ങളാണ്. സമ്മാനം നേടിയ ടിക്കറ്റ്, ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുധാകരക്കുറുപ്പിന്റെയും സിപിഎം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ജി. അജിത്തിന്റെയും സാന്നിധ്യത്തിൽ പെരുങ്ങാല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. പ്രേംദീപിന് ശിവൻ കൈമാറി.