മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചിട്ടും നിർഭാഗ്യം വിടാതെ വേട്ടയാടിയ ലോട്ടറിസ്വാമി വിടവാങ്ങി. നിരവധി തവണ ഭാഗ്യദേവത കനിഞ്ഞിട്ടും അനുഭവഭാഗ്യം അന്യമായ ജീവിതത്തിനുടമയായിരുന്ന മായന്നൂർ കൊണ്ടാഴി കുഞ്ചുനായരാണ് (87) ഭാഗ്യ നിർഭാഗ്യങ്ങളില്ലാത്ത ലോകത്തേക്ക് ഇന്നലെ പുലർച്ചെ വിടവാങ്ങിയത്.
ഒറ്റപ്പാലം നഗരഹൃദയത്തിലുള്ളവർക്കെല്ലാം ചിരപരിചിതനായിരുന്ന ഇദ്ദേഹത്തിന് അവർ സ്നേഹപൂർവ്വം നൽകിയ വിളിപേരാണ് ലോട്ടറി സ്വാമി. പഴമക്കാർക്ക് എന്നപോലെ പുതു തലമുറക്കാർക്കും ഇദ്ദേഹം ലോട്ടറി സ്വാമിയായിരുന്നു.
താമസം മായന്നൂരിലായിരുരുന്നുവെങ്കിലും അതിരാവിലെ തന്നെ കുഞ്ചു നായർ ലോട്ടറി ടിക്കറ്റുകളുമായി ഒറ്റപ്പാലത്ത് എത്തുമായിരുന്നു.
ബസ് സ്റ്റാൻഡ് പരിസരത്തും ഒറ്റപ്പാലം കോടതി പറന്പിലെ ആലിൻചുവട്ടിലും ഭാഗ്യ നന്പറുകളുമായി അദ്ദേഹം കറങ്ങി നടന്നു. ലോട്ടറി വില്പന നടത്തി തന്നെയായിരുന്നു ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.
കഥകളെയും നോവലുകളെയും വെല്ലുന്ന അതിശയോക്തി നിറഞ്ഞ കഥയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. ഇതുകൊണ്ടുതന്നെ ലോട്ടറി സ്വാമിയുടെ കഥ കേട്ടറിഞ്ഞ് ഒരിക്കൽ നടൻ വി.കെ.ശ്രീരാമൻ തന്റെ വേറിട്ട കാഴ്ചകളുമായി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥനായി ജീവിതമാരംഭിച്ച കുഞ്ചുനായർ സബ്ഇൻസ്പെക്ടർ തസ്തികയിൽ ഇരിക്കുന്പോഴാണ് ജോലി രാജി വെച്ചത്.
ജോലി രാജിവച്ച് സ്വന്തം ഗ്രാമമായ മായന്നൂരിലെത്തി. ഉപജീവനമാർഗ്ഗമായി ലോട്ടറിവില്പന ആയിരുന്നു ഇദ്ദേഹം നാട്ടിലെത്തിയശേഷം തൊഴിലായി സ്വീകരിച്ചത്. ലോട്ടറി കച്ചവടം തുടങ്ങി ആറു മാസം പിന്നിട്ടപ്പോൾ തന്നെ ഭാഗ്യദേവത ഇദ്ദേഹത്തെ അനുഗ്രഹിച്ചു.
എല്ലാദിവസവും 10 ടിക്കറ്റങ്കിലും വിൽക്കാതെ സ്വന്തമാക്കി കൈവശം വെക്കുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. പണത്തിന് അത്യാവശ്യം വന്നതിനാൽ മുഴുവൻ ടിക്കറ്റുകളും വിറ്റശേഷം ഒരു ടിക്കറ്റ് മാത്രം കൈവശം വെച്ച് മായന്നൂർ ഭാരത പുഴ കടവിൽ എത്തിയ ഇദ്ദേഹത്തോട് പരിചയക്കാരിൽ ഒരാൾ ടിക്കറ്റ് ചോദിച്ചു.
എന്നാൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ചുവെന്ന മറുപടി സ്വാമി നൽകിയെങ്കിലും സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന പരിചയക്കാരനെ പിണക്കാൻ സ്വാമിക്ക് മനസുവന്നില്ല. താൻ സ്വകാര്യമായി മാറ്റിവെച്ച ടിക്കറ്റ് മനസില്ലാമനസോടെ സ്വാമി ഇദ്ദേഹത്തിന് വിറ്റു.
പിറ്റേദിവസം ഫലപ്രഖ്യാപനം വന്നപ്പോഴാണ് സ്വാമി ശരിക്കും ഞെട്ടിയത്. തലേന്ന് താൻ മനസില്ലാമനസ്സോടെ വിറ്റ ടിക്കറ്റിന് ആയിരുന്നു ഒന്നാം സമ്മാനം. തനിക്ക് ആ ഭാഗ്യം അനുഭവിക്കാൻ യോഗം ഇല്ലെന്ന് സ്വാമി സ്വയം ആശ്വസിച്ച് പിന്നെയും ലോട്ടറി വില്പന തുടർന്നുകൊണ്ടേയിരുന്നു.
ഒരു വർഷത്തിനുശേഷം ഒരിക്കൽക്കൂടി ഭാഗ്യദേവത കടാക്ഷിച്ചു. മായന്നൂരിൽ ഭാരതപ്പുഴ കടക്കാൻ തോണിയെ ആശ്രയിച്ചിരുന്ന കാലമായിരുന്നു അത്. വിൽക്കാതെ സൂക്ഷിച്ച് വച്ച ഒരേ സീരീസിലുള്ള അഞ്ചു ടിക്കറ്റുകൾ സ്വാമി വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്നു.
കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കുതിർന്ന ഇദ്ദേഹത്തോടൊപ്പം ലോട്ടറി ടിക്കറ്റുകളും നനഞ്ഞു. വൈദ്യുതി അന്യമായ വീട്ടിൽ ചെന്ന് ശ്രദ്ധാപൂർവ്വം കണ്ണാടിച്ചില്ലുള്ള മണ്ണെണ്ണവിളക്കിൽ ലോട്ടറി ടിക്കറ്റുകൾ ഉണക്കുകയായിരുന്നു സ്വാമി. ചൂട് കൂടി പോയതോടെ ഒരു ടിക്കറ്റ് കരിഞ്ഞുപോയി.
പിറ്റേന്ന് പത്രമെടുത്ത് ലോട്ടറി ഫലം നോക്കിയ സ്വാമിയുടെ കണ്ണിൽ ഒരിക്കൽ കൂടി ഇരുട്ടു കയറി. തന്റെ കയ്യിൽ നിന്നും കരിഞ്ഞ പോയ ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നു.
ദൈവം തന്നാലും ശനിയൻ തിന്നാൻ സമ്മതിക്കില്ലെന്ന പഴമൊഴി സ്വാമിയുടെ ജീവിതത്തിൽ അന്വർത്ഥമായി.
ഇദ്ദേഹം വിൽക്കുന്ന ടിക്കറ്റുകൾക്ക് സമ്മാനം അടിക്കുന്ന വിവരം കാട്ടുതീ പോലെ പടർന്നതോടുകൂടി സ്വാമിയിൽ നിന്നും ടിക്കറ്റുകൾ എടുക്കാൻ ആളുകൾ മത്സരിച്ചു.
എന്നാൽ അവർക്കെല്ലാം നിരാശയായിരുന്നു ഫലം. തനിക്ക് ഭാഗ്യം ലഭിക്കാൻ സമയമായിട്ടില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതിശയോക്തി നിറഞ്ഞ ജീവിതത്തിന് ഉടമയായിരുന്ന ലോട്ടറി സ്വാമി, ലോക്ക് ഡൗണ് കാലത്തും ഒറ്റപ്പാലത്ത് എത്തിയിരുന്നു.
സമീപകാലത്തായി നടക്കാൻ വളരെ പ്രയാസം നേരിട്ടിരുന്ന ഇദ്ദേഹം കൊറോണയുടെ വരവോടെ ലോട്ടറി കച്ചവടം അവസാനിച്ചതിൽ വളരെ വിഷമത്തിലായിരുന്നു. ഒരാളിൽ നിന്നും ഒരു സൗജന്യവും കൈപ്പറ്റാൻ താൽപര്യമില്ലാത്ത അഭിമാനിയായ സ്വഭാവത്തിന് ഉടമയായിരുന്നു ലോട്ടറി സ്വാമി.