തത്തമ്മയല്ലേ കൊത്തിക്കൊണ്ടു പോയിരിക്കും…! 65 ലക്ഷം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത ഏജന്‍സിക്കാരന്‍ അറസ്റ്റില്‍; ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത്

2016nove14lottery_thattippuവരന്തരപ്പിള്ളി: സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനില്‍നിന്നു തട്ടിയെടുത്ത ഏജന്‍സി നടത്തിപ്പുകാരനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ്‌ചെയ്തു. വരന്തരപ്പിള്ളിയില്‍ തത്തമ്മ എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തുന്ന വടക്കുമുറി എടശേരി ശ്രീഹരി കൃഷ്ണലാലാണ് (23) അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ആര്‍എന്‍ 261 നമ്പര്‍ പൗര്‍ണമി ലോട്ടറിയുടെ ആര്‍എച്ച് 874262 സീരിയല്‍ നമ്പറിലുള്ള ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റാണ് ഇയാള്‍ തട്ടിയെടുത്തത്. വരന്തരപ്പിള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരനായ മുപ്ലിയം സ്വദേശി കോപ്ലി വീട്ടില്‍ പോള്‍സണ്‍ ഇവരുടെ ഏജന്‍സിയില്‍നിന്നു 150 ലോട്ടറി ടിക്കറ്റ് വില്പനയ് ക്കായി വാങ്ങിയിരുന്നു.

ടിക്കറ്റുകള്‍ വാങ്ങിയ ദിവസം വൈകിട്ട് ഇന്റര്‍നെറ്റില്‍ ഫലം വന്നപ്പോഴാണു ഒന്നാം സമ്മാനം അടിച്ചത് ഏജന്‍സിയില്‍നിന്നു വിറ്റ ടിക്കറ്റിനാണെന്നു നടത്തിപ്പുകാരന്‍ അറിഞ്ഞത്. ഉടന്‍തന്നെ പോള്‍സണ്‍ ടിക്കറ്റ് വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്ന വരന്തരപ്പിള്ളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ഹംസയുടെ അടുത്തെത്തി 11 ടിക്കറ്റുകള്‍ ശ്രീഹരി തിരിച്ചുവാങ്ങുകയായിരുന്നു.

പോള്‍സണും ഇതേ പമ്പിലെ ജീവനക്കാരനാണെങ്കിലും മകന്റെ കല്ല്യാണത്തിരക്കുമായി ബന്ധപ്പെട്ട് അവധിയായിരുന്നു. ഒരാഴ്ചയായിട്ടും ടിക്കറ്റിനെക്കുറിച്ചോ പണത്തെക്കുറിച്ചോ യാതൊരു വിവരവും ഇല്ലാതായതോടെയാണു പരാതിയുമായി പോള്‍സണ്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണു പോള്‍സണുള്ളത്. ഇയാള്‍ ഒരു വര്‍ഷമായി തത്തമ്മ ഏജന്‍സിയില്‍നിന്നാണു ടിക്കറ്റുകള്‍ വില്‍പനയ്‌ക്കെടുക്കാറുള്ളത്. വില്‍ക്കാതെ വരുന്ന ടിക്കറ്റുകള്‍ പോള്‍സണ്‍ സ്വയം സൂക്ഷിക്കുകയാണു പതിവ്. ഏജന്‍സിക്കാര്‍ ഇതുവരെ തിരിച്ചെടുത്തിട്ടുമില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇതുവരെ പോലീസിനു കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts