കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിന് വിന് ലോട്ടറിയുടെ 65 ലക്ഷം രൂപ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ മലപ്പുറം എടക്കര ചരടികുത്തു സമദാണ് (45) പിടിയിലായത്. ഒന്നാം പ്രതി മലപ്പുറം പോത്തുകല്ല് വെളുമ്പിയം പാടം കല്ലുവളപ്പില്‍ മിഗ്ദാദ് (39) നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.
കോട്ടയം ഏറ്റുമാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ആസാം സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനത്തുക ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ അറിയുന്നതിന് ആസാം സ്വദേശി ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയെ സമീപിച്ചു. ആസാം സ്വദേശിക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാൽ ലോട്ടറി ടിക്കറ്റ് ബാങ്കിൽ ഏൽപിക്കാനായില്ല.
ഹോട്ടലില്‍ അപ്പം സപ്ലൈ ചെയ്യുന്ന മിഗ്ദാദ് വിവരമറിഞ്ഞു സമ്മാനത്തുക മാറിയെടുക്കാന്‍ സഹായിക്കാമെന്നു പറഞ്ഞ് ആസാംകാരനെയും കൂട്ടി എറണാകുളം കച്ചേരിപ്പടിയിലെ ബാങ്കിലെത്തി. ബാങ്ക് അധികൃതരോടു വിവരങ്ങൾ തിരക്കിയശേഷം ഇവർ മടങ്ങി. ആസാംകാരനിൽനിന്നു പ്രതി കൈവശപ്പെടുത്തിയ ലോട്ടറി ടിക്കറ്റ് തിരികെ കൊടുത്തില്ല. പിന്നീടുള്ള ദിവസങ്ങളില്‍ അപ്പം സപ്ലൈ ചെയ്യാന്‍ മിഗ്ദാദ് എത്താത്തതിനെത്തുടർന്ന് ആസാം സ്വദേശി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മിഗ്ദാദും സുഹൃത്തായ സമദും കൂടി എടക്കരയിലെ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി ലോട്ടറി അവിടെ ഏല്പിച്ചതായി മനസിലായി. പോലീസ് അന്വഷിക്കുന്ന വിവരം അറിഞ്ഞതോടെ രണ്ടുപേരും ഒളിവില്‍ പോയി. മിഗ്ദാദ് കീഴടങ്ങിയ ശേഷം പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്നു കരുതി നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണു പോലീസ് എടക്കരയില്‍ എത്തി സമദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.