നിലന്പൂർ: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ നൽകി 8000 രൂപ തട്ടിയെടുത്തു. തട്ടിപ്പിനിരയായത് മന്പാട് പുളിക്കലോടി വള്ളിക്കെട്ടിൽ താമസിക്കുന്ന രാജുവാണ്. കഴിഞ്ഞ ഒന്നാം തിയതി 2000 രൂപ സമ്മാനം ലഭിച്ച നാലു ടിക്കറ്റുകൾ നൽകിയാണ് ലോട്ടറി കച്ചവടക്കാരനായ രാജുവിൽ നിന്നു പണം തട്ടിയത്. മൂന്നാംതിയതി സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് പണം തട്ടിയത്. എ.ഡബ്ലിയു, എ.ടി, എ.വി, എ.യു സീരിയലുകളിലുള്ള അക്ഷയ ലോട്ടറിയുടെ 586314 നന്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഒറിജിലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് രാജുവിനു തിരിച്ചറിയാൻ കഴിഞ്ഞില്ല. കൈവശം പണമില്ലാതിരുന്നതിനാൽ വണ്ടൂരിലെ ലോട്ടറി കടയിൽ ടിക്കറ്റുകൾ നൽകി. ടിക്കറ്റ് സ്കാൻ ചെയ്ത ശേഷം കട ഉടമ 8000 രൂപ നൽകുകയും ചെയ്തു.
തുടർന്നു വണ്ടൂരിലെ ഏജൻസി മലപ്പുറത്തേക്ക് സ്കാൻ ചെയ്ത ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ചപ്പോൾ ഈ നന്പറിൽ സമ്മാനം അടിച്ചിട്ടുള്ളതായി കണ്ടെത്തി. എന്നാൽ ഇത് യഥാർഥ ടിക്കറ്റല്ലെന്ന് അറിയിച്ചതോടെയാണ് രാജുവും വണ്ടൂരിലെ ലോട്ടറി കട ഉടമയും കബളിപ്പിക്കപ്പെട്ടതറിഞ്ഞത്. വാടക വീട്ടിൽ താമസിക്കുന്ന രാജു ലോട്ടറി വിറ്റാണ് ജീവിതം തള്ളിനീക്കുന്നത്. നിലന്പൂർ കനോലി പ്ലോട്ടു മുതൽ വടപുറം വരെയാണ് പ്രധാനമായും ഇയാൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
വണ്ടൂരിലുള്ള കടയുടമ പണം ആവശ്യപ്പെട്ടതോടെ രാജു പണം എങ്ങനെ തിരിച്ചുനൽകുമെന്നറിയാതെ വിഷമിക്കുകയാണ.് ഹെൽമറ്റ് വച്ചിരുന്നതിനാൽ ഇയാൾക്ക് തട്ടിപ്പുകാരനെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.