തളിപ്പറമ്പ്: വ്യാജലോട്ടറി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതിയെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ധര്‍മശാലയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മാങ്ങാട് കല്യാശേരിയിലെ എടക്കാടന്‍ രജീഷ് രാജനെ (28) യാണ് ഇന്നലെ വൈകുന്നേരം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 18 ന് പിടിയിലായ മൂന്നംഗ സംഘത്തിലെ പി.സുനിലിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തേതുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് രജീഷിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയായിരുന്നു.
തളിപ്പറമ്പില്‍ വെച്ച് മൂന്നംഗസംഘം അറസ്റ്റിലായ വിവരമറിഞ്ഞ് രജീഷ് ഒളിവിലായിരുന്നു. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ കൂടിയായ രജീഷിനെ തന്ത്രപരമായാണ് അന്വേഷണ സംഘം വലയിലാക്കിയത്. കണ്ണൂരിലെ പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മുഖ്യദല്ലാളാണ് രജീഷെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പില്‍ അറസ്റ്റിലായ സംഘത്തില്‍ നിന്നും എല്ലാ ആഴ്ചയും ഇടപാടുകൾ തീര്‍ത്ത് പണം വാങ്ങി കണ്ണൂരിലെ ഏജന്‍സിക്ക് എത്തിച്ചിരുന്നത് രജീഷായിരുന്നുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സംസ്ഥാനം മുഴുവനും വ്യാപിച്ചുകിടക്കുന്ന ഈ വ്യാജ ലോട്ടറി തട്ടിപ്പിലെ താപ്പാനകള്‍ ഉന്നതന്മാരാണെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. സമാന്തരലോട്ടറിയിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന അന്തര്‍സംസ്ഥാന ലോട്ടറിമാഫിയ സംഘത്തിലെ നാലുപേരെയാണ് നേരത്തെ പിടികൂടിയിരുന്നത്.
നേരത്തെ പിടിയിലായ തറമ്മല്‍ ലക്ഷ്മണനെന്ന ഏജന്റിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് സമാന്തര ലോട്ടറിയുടെ വ്യാപ്തി പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുന്നംഗസംഘം കുടുങ്ങിയത്. ഇനിയും ചിലരെ പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ രജീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ പി.സുനില്‍ (42), പട്ടുവം മുള്ളൂലിലെ കുന്നോല്‍ കെ.പവിത്രന് (52), കടമ്പേരിയിലെ വടക്കീല്‍ വി. വേണുഗോപാലന്‍(50) എന്നിവരെയാണ് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് നേരത്തെ അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളായ കൃഷ്ണന്, നസീര്‍, മജ്ഞുനാഥ് എന്നിവര്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയാണ്. തട്ടിപ്പുകളെ തുടര്‍ന്ന് തളിപ്പറമ്പ് ടൗണിലെ മുഴുവന്‍ ലോട്ടറി സ്ഥാപനങ്ങളും ഇപ്പോഴും ഡിവൈഎസ്പിയുടെ ക്രൈംസ്ക്വാഡിന്റെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ തന്നെ പ്രമുഖസ്ഥാപനമാണ് സമാന്തലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് പിടിയിലായവരില്‍നിന്ന് സൂചന ലഭിച്ചിട്ടുള്ളത്. 5000 രൂപയാണ് സമ്മാനം നല്‍കുന്നത്. ടിക്കറ്റിന് പകരം കേരള ലോട്ടറി ടിക്കറ്റിലെ അവസാന മൂന്ന് നമ്പര്‍ എഴുതി നല്കുന്ന ലോട്ടറിയൊന്നിന് പത്തുരൂപയാണ് വില.
ഇത്തരത്തില്‍ പ്രതിദിനം 5000 മുതല്‍ 10000 രൂപയ്ക്കുവരെ ലോട്ടറി വാങ്ങുന്നവരുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തി. വലിയ ഇടപാടുകാര്‍ക്ക് ഇഷ്ടനമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ലോട്ടറി നടത്തിപ്പുകാര്‍ സ്വയം പ്രഖ്യാപിക്കുന്നതും സര്‍ക്കാര്‍ നറുക്കെടുത്തതുമായ ലോട്ടറിനമ്പറുകള്ക്കാണ് സമ്മാനം നല്‍കുന്നത്.
സമ്മാനതുക ഉടന്‍ നല്കുന്നതിലൂടെയാണ് ഇടപാടുകാരുടെ വിശ്വാസമാര്‍ജ്ജിച്ചത്. ഇത്തരം ഇടപാടിലൂടെ പിടിയിലായ ഏജന്റുമാര്‍ ദിവസവും കുറഞ്ഞത് 50000 രൂപ സമ്പാദിക്കുമ്പോള്‍ അതിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാന- നികുതി നഷ്ടമുണ്ടാകുന്നതായി പോലിസ് വ്യക്തമാക്കി. ഉണ്ടാക്കിയതായി ലോട്ടറി റിസള്‍ട്ട് നല്‍കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് പോലും തട്ടിപ്പ്സംഘം നിര്‍മ്മിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പിയുടെ ക്രൈംസ്ക്വാഡ് അംഗങ്ങളായ കെ.വി.രമേശന്, സുരേഷ് കക്കറ, ഷറഫുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.