കൊല്ലം : ലോട്ടറി നമ്പർ തിരുത്തി സമ്മാനാർഹമായ ടിക്കറ്റെന്ന് ധരിപ്പിച്ച് യുവാക്കൾ കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടി.
ആശ്രാമം ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന വ്യക്തിയെയാണ് ബൈക്കിലെത്തിയ യുവാക്കൾ കബളിപ്പിച്ച് പണവും ടിക്കറ്റും കൈക്കലാക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. ഹെൽമറ്റും കറുത്ത കണ്ണടയും ധരിച്ചാണ് യുവാക്കൾ കടയിൽ എത്തിയത്.
500 രൂപ സമ്മാനമുള്ള 1238 ൽ അവസാനിക്കുന്ന നാല് ടിക്കറ്റുകൾ ഇവർ നൽകി. തുക തികയാത്തതിനാൽ വ്യാപാരി രണ്ടെണ്ണം ഇവരിൽ നിന്ന് വാങ്ങി.
പകരം യുവാക്കൾ കടയിൽ നിന്ന് 18 ടിക്കറ്റും എടുത്ത് ബാക്കി തുകയും വാങ്ങി തിരികെ പോയി. ഈ ടിക്കറ്റ് പിന്നീട് ലോട്ടറി ഏജൻസിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
1138 എന്ന നമ്പർ അതിവിദഗ്ധമായി 1238 എന്ന് തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. അന്നുതന്നെ സമാനമായ രീതിയിൽ ചിന്നക്കട, കടപ്പാക്കട, കൊല്ലം ബീച്ച് എന്നിവിടങ്ങളിലും തട്ടിപ്പ് അരങ്ങേറി.
എല്ലായിടത്തും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത് ഒരു സംഘം തന്നെയാണെന്നാണ് കരുതുന്നത്. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ഇരുന്ന് കച്ചവടം ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
ഉച്ചകഴിഞ്ഞ് രണ്ടിനും മുന്നിനും മധ്യേയാണ് തട്ടിപ്പുകാർ ഇറങ്ങുന്നത്. മൂന്നിനാണ് നറുക്കെടുപ്പ് . അതിന് മുമ്പ് വിറ്റു തീരാത്ത ടിക്കറ്റുകൾ കൂടുതലുള്ള കടകളിലാണ് തട്ടിപ്പുകാർ എത്തുന്നത്.
പരമാവധി ടിക്കറ്റുകൾ വിറ്റുപോകാനായി കൃത്യമായി പരിശോധിക്കാതെ സമ്മാനാർഹമെന്ന് കരുതുന്ന ടിക്കറ്റുകൾ വാങ്ങുന്ന കച്ചവടക്കാർക്കാണ് ഇത്തരത്തിൽ അബദ്ധം പറ്റുന്നത്.
കൊല്ലം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നുവെന്ന് ലോട്ടറി വ്യാപാരികൾ പറയുന്നു.
കുറച്ച് ദിവസം മുമ്പ് കുരീപ്പുഴയിൽ ലോട്ടറി വിൽക്കുന്ന യുവതിയെ കബളിപ്പിച്ച് 5000 രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തങ്കിലും ഇതു വരെയും ആരെയും പിടികൂടാൻ കഴിഞ്ഞില്ല.
സമ്മാനത്തുകയ്ക്ക് പകരം തട്ടിപ്പ് സംഘം കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് കാരണം പല വ്യാപാരികളും കൃത്യമായി പരിശോധിക്കാത്തതാണ് ഇവർ മുതലെടുക്കുന്നത്.