പാരിപ്പള്ളി: സമ്മാനാർഹമായ ടിക്കറ്റ് എന്ന വ്യാജേന നമ്പർ തിരുത്തിയ ലോട്ടറി നൽകി കടയുടമയിൽ നിന്ന് അജ്ഞാതൻ പണം തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് തന്ത്രപരമായ തട്ടിപ്പ് അരങ്ങേറിയത്.
ബൈക്കിലെത്തിയ വ്യക്തി ദേശീയ പാതയിൽ കല്ലുവാതുക്കൽ മേവനക്കോണം ജംഗ്ഷനിലെ വയോധികനായ കടയുടമയോട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. രാവിലെ മറ്റ് കടകൾ തുറക്കാത്തത് കാരണമാണ് ഇവിടെ എത്തിയതെന്നും വിശദീകരിച്ചു.
തുടർന്ന് 5000 രൂപ സമ്മാനമുള്ള ടിക്കറ്റ് കടയുടമയ്ക്ക് കൈമാറിയ ഇയാൾ കടയിലുണ്ടായിരുന്ന 500 രൂപ വിലയുള്ള മൂന്ന് ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു.
സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ റിസൾട്ടുമായി ഒത്തുനോക്കിയ ശേഷം ബാക്കി 3500 രൂപ കടയുടമ ഇയാൾക്ക് നൽകി. സന്തോഷ സൂചകമായി 100 രൂപ കടയുടമയ്ക്ക് കൊടുത്തിട്ടാണ് തട്ടിപ്പുകാരൻ മടങ്ങിയത്.
പിന്നീട് പ്രധാന ഏജൻസിയിൽ ടിക്കറ്റ് മാറാൻ കൊണ്ടു ചെന്നപ്പോഴാണ് നമ്പർ തിരുത്തിയതാണന്ന് മനസിലായത്. ടിക്കറ്റിലെ അവസാത്തെ രണ്ട് അക്കങ്ങളാണ് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധം വളരെ വിദഗ്ധമായി തിരുത്തിയിട്ടുള്ളത്.
തുടർന്ന് കടയുടമ പാരിപ്പള്ളി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം പുനലൂരിലും നടന്നു. വെട്ടിപ്പുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമാണ് കബളിപ്പിക്കൽ അരങ്ങേറിയത്.
5000 സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിൽപ്പനക്കാരനിൽ നിന്ന് 2500 രൂപ പണമായും 2500 രൂപയുടെ ടിക്കറ്റുകളുമായാണ് ബൈക്കിലെത്തിയ ആൾ തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടെ പുനലൂരിൽ മൂന്നിടത്താണ് സമാനമായ തട്ടിപ്പ് നടന്നിട്ടുള്ളത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കൊല്ലം നഗരത്തിലും നിരവധി വിൽപ്പനക്കാർ ഇത്തരത്തിൽ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.