പുൽപ്പള്ളി: ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ്, ലോട്ടറി കച്ചവടക്കാരൻ കൈവശപ്പെടുത്തിയ സംഭവത്തിൽ നീതി ലഭിക്കുന്നില്ലെന്ന് വിശ്വംഭരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
അമരക്കുനി സ്വദേശിയായ കണ്ണംകുളത്ത് വിശ്വംഭരൻ ബന്ധുവും പുൽപ്പള്ളി വിനായക ലോട്ടറി ഏജൻസി നടത്തിപ്പുകാരനുമായ നിഷാദ് എന്നയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 30ന് വിനായക ഏജൻസിയിൽ നിന്ന് താൻ ടിക്കറ്റെടുത്തെന്നും ഇതിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമടിച്ചെന്നും വിശ്വംഭരൻ അവകാശപ്പെടുന്നു. ഒന്നാം സമ്മാനം ലഭിച്ച വിവരം തന്നെ അറിയിച്ചത് നിഷാദ് തന്നെയാണെന്ന് വിശ്വംഭരൻ പറഞ്ഞു.
ലോട്ടറി വിറ്റ നിഷാദ് സമ്മാനം ലഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ താൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ലോട്ടറി ടിക്കറ്റ് കൈവശപ്പെടുത്തുകയായിരുന്നു. ലോട്ടറി കൈക്കലാക്കിയ ശേഷം വൈകുന്നേരത്തോടെ ഒന്നാം സമ്മാനം വിശ്വംഭരനല്ലെന്നും സമാശ്വാസ സമ്മാനം മാത്രമേ ലഭിക്കുകയുള്ളുവെന്നും നിഷാദ് അറിയിച്ചു.
സീരീസ് മാറിയതാണെന്നാണ് നിഷാദ് വിശ്വംഭരനെ അറിയിച്ചത്. എന്നാൽ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് കൈക്കലാക്കിയ നിഷാദ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വിശ്വംഭരൻ പുൽപ്പള്ളി സിഐക്ക് പരാതി നൽകി. എന്നാൽ ലോട്ടറി ടിക്കറ്റ് തിരുവന്തപുരത്ത് ഹാജരാക്കിയെന്നും ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറാകുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുത്തതെന്നും കോടതിയെ സമീപിക്കുമെന്നും വിശ്വംഭരൻ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കിൽ ലോട്ടറി കടയുടെ മുൻപിൽ കുടുംബം നിരാഹാര സമരം തുടങ്ങും. കണ്ണംകുളത്ത് വിശ്വംഭരൻ, ആന്റണി പൂത്തോട്ടയിൽ, ജിമ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.