അമൃത് സർ: ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ വരുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. രണ്ടരക്കോടി രൂപയുടെ ബംപര്‍ ലോട്ടറിയടിച്ച പഞ്ചാബി കർഷകനായ ശീതൾ സിംഗിന്റെ കാര്യത്തിൽ സംഭവിച്ചതും അങ്ങനെതന്നെ.
മാർക്കറ്റിൽ മരുന്നു വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. മെഡിക്കൽ ഷോപ്പിൽനിന്നു പുറത്തിറങ്ങുമ്പോൾ ലോട്ടറി ഏജന്റായ എസ്.കെ. അഗർവാൾ അദ്ദേഹത്തെ സമീപിച്ചു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്നു പറഞ്ഞ് ഒരു ലോട്ടറി എടുക്കാൻ അയാൾ നിർബന്ധിച്ചു. കൈയിൽ പണം കുറവായിരുന്നതുകൊണ്ട് ആദ്യം ശീതൾ സിംഗ് മടിച്ചു. എന്നാൽ, ഏജന്റിന്റെ നിർബന്ധം കൂടിയപ്പോൾ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി.
മരുന്നും ടിക്കറ്റുമായി വീട്ടിലെത്തി അധികസമയം പിന്നിടും മുൻപേതന്നെ ഭാഗ്യദേവത കടാക്ഷിച്ചെന്ന വാർത്ത ശീതൾ സിംഗിനെ തേടിയെത്തി. വിവാഹിതരായ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കിട്ടാൻ പോകുന്ന വലിയ തുകകൊണ്ട് എന്തു ചെയ്യുമെന്ന ചോദ്യത്തിന് കുടുംബത്തോട് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നായിരുന്നു ആ കർഷകന്റെ മറുപടി.
ശീതൾ സിംഗിന് ബംപർ ലോട്ടറി നൽകിയ ലോട്ടറി ഏജന്റ് അഗർവാളും ഭാഗ്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല. മുമ്പ് രണ്ടുതവണ അഗർവാൾ വിറ്റ് ടിക്കറ്റിന് ജാക്ക്പോട്ട് അടിച്ചിട്ടുണ്ട്.