യുഎസ്: കൈയിൽ പണമില്ലാതെ നട്ടംതിരിയുന്നവർ കരുതും ഒരു ലോട്ടറിയടിച്ചാൽ എല്ലാം ശരിയാകുമെന്ന്. പക്ഷേ കോടികളുടെ ബംപർ അടിച്ചാലും ഒന്നും ശരിയാകാത്തവരുമുണ്ടെന്നുള്ളതാണു വാസ്തവം. അമേരിക്കക്കാരിയായ എവ്ലിൻ എന്ന യുവതിയുടെ അനുഭവംതന്നെ ഇതിന് ഉത്തമ ഉദാഹരണം.
ഒരു കടയിൽ ജീവനക്കാരിയായിരിക്കെ എവ്ലിന് ലോട്ടറിയടിച്ചു. ഒന്നിനു പുറകെ ഒന്നായി ആറ് മാസത്തിനിടെ രണ്ടുതവണയാണ് മഹാഭാഗ്യമെത്തിയത്. രണ്ടിനും കൂടി ലഭിച്ചത് 43 കോടി രൂപ. പണം കൈയിലെത്തുകയുംചെയ്തു. എന്നാൽ, അധികം വൈകാതെ പണം പലവഴിക്കു പോയി. എവ്ലിൻ ഇപ്പോൾ ഒരു ട്രെയിലർ പാർക്കിൽ ജോലിക്കാരിയായി ചൊറിയൊരു വീട്ടിൽ അരിഷ്ടിച്ചു കഴിഞ്ഞു കൂടുന്നു.
ലോട്ടറിയടിച്ച പണം ധൂർത്തടിച്ചു കളഞ്ഞതൊന്നുമല്ല. എല്ലാം വന്നു സംഭവിക്കുകയായിരുന്നു. പണം കിട്ടിയപ്പോൾത്തന്നെ കുടിശിക ബില്ലുകൾ അടച്ചുതീർക്കുകയാണ് ആദ്യം ചെയ്തത്. കടങ്ങളുള്ളതും വീട്ടി. മകൾക്കുവേണ്ടി ഒരു സമ്പാദ്യം എന്ന നിലയിൽ കുറച്ചു പണം കോളജ് ഫണ്ടിലും നിക്ഷേപിച്ചു.
അതുവരെ എല്ലാം നന്നായിത്തന്നെ നീങ്ങി. എന്നാൽ, താമസിയാതെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. ആ സമയത്ത് ബന്ധുക്കളുമായി അത്ര അടുപ്പമില്ലായിരുന്നു.
അതിനിടെ ചില മോശം തീരുമാനങ്ങളും എടുത്തിരുന്നു. കുറഞ്ഞ വരുമാനമുള്ള ചില ബിസിനസ് സംരംഭങ്ങളിൽ പണം നിക്ഷേപിച്ചു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിലാണ് കലാശിച്ചത്. ഒരു കാറും ഇതിനിടെ വാങ്ങി. ലോട്ടറി എടുക്കുന്നതടക്കമുള്ള ചില കാര്യങ്ങൾ അവർക്കു ലഹരിയായിരുന്നു. ആഴ്ചയിൽ രണ്ടായിരത്തിലധികം രൂപ ലോട്ടറി എടുക്കാനായി മാത്രം ചെലവഴിച്ചു. അങ്ങനെ കണ്ണടച്ചു തുറക്കും മുൻപേ 43 കോടി തീർന്നു.
എല്ലാവർക്കും തന്റെ പണത്തിൽ മാത്രമായിരുന്നു കണ്ണെന്നും സമ്മാനത്തുക ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നും എവ്ലിൻ പറയുന്നു. താനൊരു മനുഷ്യനല്ലേ, അങ്ങനെയൊക്കെ സംഭവിച്ചു. ചില കാര്യങ്ങളിൽ കുറ്റബോധമുണ്ടെന്നും എന്നാൽ തനിക്കു വലിയ ഖേദമൊന്നുമില്ലെന്നും അവർ പറയുന്നു.