അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ലോട്ടറിയായി ലഭിച്ച അന്പത്തിമൂന്നുകാരി വാർത്തയറിഞ്ഞതിനു പിന്നാലെ തന്റെ ജോലിയും രാജിവച്ചു. 758.7 മില്യണ്‍ ഡോളറാണ് ഇവർക്ക് സമ്മാനത്തുകയായി ലഭിക്കുന്നത്. ഏകദേശം 48,000 കോടി രൂപ. അമേരിക്കയിലെ മസാച്യുസെറ്റ്സ് സ്വദേശിനിയായ മാവിസ് വാൻസിക്കിനാണ് ഈ അപൂർവമായ ഭാഗ്യം സിദ്ധിച്ചത്. മുപ്പത്തിരണ്ട് വർഷമായി ചെയ്തു വന്നിരുന്ന മേഴ്സി മെഡിക്കൽ സെന്ററിലെ ജോലിയാണ് ഇവർ രാജിവച്ചത്.
കുടുംബാംഗങ്ങളുടെ ജന്മദിന തിയതികൾ വരുന്ന ടിക്കറ്റുകൾ ബോസ്റ്റണിലെ ചിക്കോപ്പിയിലുള്ള ഒരു കടയിൽ നിന്നുമാണ് ഇവർ എടുത്തത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഇവരുടെ ഭർത്താവ് ഒന്‍പത് മാസങ്ങൾക്ക് മുന്‍പ് ജോലിക്കിടെ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് 31 ഉം 26 ഉം വയസുള്ള രണ്ടു മക്കളുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി, പ്യൂർട്ടോറിക്ക, വെർജിൻ ഐലൻഡ് എന്നീ സ്ഥലങ്ങളിലായി എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ലോട്ടറി നറുക്കെടുക്കുന്നത്. ഈ ഭാഗ്യം അനുഭവിക്കാൻ തന്റെ ഭർത്താവ് ഒപ്പമില്ലല്ലോ എന്ന ദുഃഖം മാത്രമാണ് മാവിസിന്റെ മനസിൽ.