കോട്ടയം: ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടുത്തി സമ്മാന ഘടനയിൽ മാറ്റം വരുത്തി കേരള ലോട്ടറിയുടെ വില 40 രൂപയിൽനിന്നും 50 രൂപയാക്കാമെന്നുള്ള സർക്കാരിന്റെ വാദത്തിനെതിരേ തൊഴിലാളി സംഘടനകൾ രാഷ്്ട്രീയം മറന്ന് ഒരുമിച്ചു.
ലോട്ടറിയുടെ വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഇതോടെ ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ലോട്ടറി ഡയറക്ടർ വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണു വില വർധന വേണ്ടെ ന്നുള്ള തീരുമാനം ഡയറക്ടർ അറിയിച്ചത്.
യോഗം തുടങ്ങിയ ഉടൻ തന്നെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ വില വർധിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്തു.
വില വർധിപ്പിച്ചാൽ ലോട്ടറി മേഖല തകരുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഐഎൻടിയുസിയും പറഞ്ഞു.
എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി എതിർത്തതോടെ വിലവർധിപ്പിക്കില്ലെന്ന് ലോട്ടറി ഡയറക്ടർ അറിയിക്കുകയായിരുന്നു.
കോവിഡിന്റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതൽ വഷളായ സംസ്ഥാന സർക്കാർ വരുമാന വർധനവിന്റെ ഭാഗമായിട്ടാണ് ലോട്ടറിയുടെ വില വർധിപ്പിക്കാനായി തീരുമാനിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു ധനവകുപ്പ്.
ലോട്ടറി വില വർധിപ്പിക്കുന്ന ധനവകുപ്പിന്റെ തീരുമാനത്തിനെതിരേ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ രംഗത്തു വന്നത് സർക്കാരിനെ വിഷമവൃത്ത ത്തിലാക്കി.
ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടുത്തി സമ്മാന ഘടനയിൽ മാറ്റം വരുത്തുമെന്നായിരുന്നു സർക്കാരിന്റെ വാദം.
30 രൂപയായിരുന്ന ടിക്കറ്റിന്റെ വില 40 രൂപയായി ഇടതു സർക്കാർ വർധിപ്പിച്ചതോടെ ഓഫീസുകളിൽ ദിവസേന ലക്ഷക്കണക്കിന് ടിക്കറ്റുകൾ മിച്ചം വന്നിരുന്നു.
ഇതോടെ വിൽപ്പന തൊഴിലാളികളുടെ കയ്യിൽനിന്ന് ടിക്കറ്റുകൾ വിറ്റുപോകാത്ത സാഹചര്യമുണ്ടായി.
ഭിന്നശേഷിക്കാരും രോഗികളുമായ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഏക ജീവിത മാർഗമായ ലോട്ടറി വിൽപ്പന പ്രതിസന്ധിയിലാകുന്നതോടെ മുന്പ് ലോട്ടറി നിരോധനം ഉണ്ടായപ്പോൾ നിരവധി തൊഴിലാളികൾ ആത്മഹത്യ ചെയ്ത സാഹചര്യം ആവർത്തിക്കപ്പെടുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ലോട്ടറി മേഖല ഭരിക്കുന്നത്
പ്രതിവർഷം പന്തീരായിരം കോടിവരെ വിറ്റുവരവ് ഉണ്ടായിരുന്ന ലോട്ടറി മേഖല ഇപ്പോൾ പൂർണമായും ഉദ്യോഗസ്ഥ ഭരണ നിയന്ത്രണത്തിൽ ആയതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടാക്കുന്നത്.
കേരളത്തിലെ ലോട്ടറി മേഖല കൈവശമാക്കാൻ ശ്രമിക്കുന്ന ഇതരസംസ്ഥാന ലോട്ടറി മാഫിയകളും ലോട്ടറി വകുപ്പിലെ ഉന്നതരും ചേർന്ന ഗൂഡാലോചനയാണു വില വർധനവിനു പിന്നിൽ.
ഐഎൻടിയുസി എടുത്ത നിലപാടിനും സമരങ്ങൾക്കുമുള്ള വിജയമാണ് ലോട്ടറി വില വർധിപ്പിക്കാനുളള നീക്കം പിൻവലിച്ചതെന്ന് കേരള ലോട്ടറി ഏജന്റ് ആൻഡ്് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.