കുമരകം: ബുള്ളറ്റിൽ കറങ്ങി ലോട്ടറി ടിക്കറ്റിന്റെ നന്പർ തിരുത്തി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സജീവം.
മാസങ്ങൾക്കു മുന്പ് മണർകാട് ഭാഗത്തുനിന്നും ലോട്ടറി തൊഴിലാളിയെ കബളിപ്പിച്ചതിനു ശേഷം കഴിഞ്ഞ ദിവസം കുമരകത്തുള്ള ലോട്ടറി ജീവനക്കാരനേയും തട്ടിപ്പിനിരയാക്കി.
മണർകാട്ടും കുമരകത്തും ബുള്ളറ്റിൽ ഹെൽമറ്റും ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്നു ലോട്ടറി വ്യാപാരികൾ പറയുന്നു.
കുമരകം എട്ടങ്ങാടി ഭാഗത്ത് പുറമത്തറ ജയമോനെയാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി ടിക്കറ്റിലെ അവസാന നന്പർ തിരുത്തിയാണ് 5000 രൂപ കബളിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 11 ന് കീരിക്കുഴി ഷാപ്പിന്റെ സമീപത്തായിരുന്നു സംഭവം.
സമ്മാനാർഹമായ എഎ 268688 ടിക്കറ്റിനു പകരം എഎ 268683 നന്പർ ടിക്കറ്റിന്റെ അവസാന നന്പരായ മൂന്ന് തിരുത്തി എട്ടാക്കിയാണ് പണം തട്ടിയത്.
അവസാന നാലക്കത്തിനുള്ള 5000 രൂപയുടെ സമ്മാനമെന്ന വ്യാജേന എട്ടു ടിക്കറ്റുകൾ നൽകി 40000 രൂപ അപഹരിക്കാനായിരുന്നു ബൈക്കിലെത്തിയ യുവാവിന്റെ ശ്രമം.
എല്ലാ ടിക്കറ്റും മാറാനുള്ള പണം ഏജന്റിന്റെ കൈയിൽ ഇല്ലാതിരുന്നതിനാൽ ഒരു ടിക്കറ്റു മാത്രമാണ് വാങ്ങി പണം കൊടുത്തത്.
ജയമോൻ കോട്ടയത്തുള്ള ശ്രീകൃഷ്ണ ലക്കി സെൻറിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. സംഭവത്തിൽ ഇന്നു കുമരകം പോലീസിൽ പരാതി നൽകി.