സൗത്ത് വിക്ക് (മാസ്സച്യുസെറ്റ്സ്): സമ്മാനം ഇല്ലെന്നു ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ ഡോളർ സമ്മാനം.
ഇന്ത്യൻ അമേരിക്കൻ സ്റ്റോറിൽ നിന്നും വാങ്ങിയ ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത ശേഷം യുവതി വലിച്ചെറിയുകയായിരുന്നു.
എന്നാൽ ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമസ്ഥൻ ശരിയായി പരിശോധിച്ചപ്പോൾ ഒരു മില്യൻ ഡോളർ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടി പിടിച്ചു തിരിച്ചേൽപിക്കുകയും ചെയ്തു. സംഭവം എല്ലാവരുടേയും പ്രശംസ നേടി.
ലിയ റോസ് എന്ന യുവതിയാണ് സൗത്ത് വിക്കിലുള്ള ഇന്ത്യൻ അമേരിക്കൻ സ്റ്റോറിൽ നിന്നു ടിക്കറ്റ് വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നുവത്.
തിരക്കുപിടിച്ചു ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്നു തോന്നിയതിനാൽ, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.
വൈകിട്ട് സ്റ്റോർ ഉടമസ്ഥൻ അബി ഷാ, ട്രാഷ് കാൻ വൃത്തിയാക്കുന്നതിനിടയിൽ ലോട്ടറി ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടു.
എല്ലാ നന്പറും സ്ക്രാച്ച് ചെയ്തിട്ടില്ലെന്നു തോന്നിയതിനാൽ വീണ്ടും എല്ലാം സ്ക്രാച്ച് ചെയ്തു നോക്കിയപ്പോൾ ഒരുമില്യൻ ഡോളർ സമ്മാനം ലഭിച്ചതായി കണ്ടെത്തി.
ഉടനെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി, ഇവർ സ്ഥിരമായി കടയിൽ വന്നുകൊണ്ടിരുന്ന സ്ത്രീയായിരുന്നു. മേയ് 24 നാണ് ലോട്ടറി അടിച്ച വിവരം ലിയ റോസ് പുറത്തുവിട്ടത്.
ഇത്രയും സ·നസ് കാണിച്ച കടയുടമസ്ഥനോടു പ്രത്യേക നന്ദിയുണ്ടെന്നും ഇവർ പറഞ്ഞു.
ഒരു മില്യൻ ഡോളർ സമ്മാനം നേടിയ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. 10000 ഡോളർ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.
റിപ്പോർട്ട്: പി.പി. ചെറിയാൻ