തളിപ്പറമ്പ്: സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റെന്ന വ്യാജേന പഴയ ലോട്ടറി ടിക്കറ്റ് നല്കി വയോധികയായ ഏജന്റിനെ കബളിപ്പിച്ച് പണം തട്ടിയെന്ന് പരാതി.
തളിപ്പറമ്പ് ധര്‍മശാലയിലെ ലോട്ടറി ഏജന്റായ കെ. രാജാമണിയാണ് തട്ടിപ്പിന് ഇരയായത്. ഇത് സംബന്ധിച്ച് ഇവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി.
ധര്‍മശാലയില്‍ ലോട്ടറി ഏജന്റായ പാന്തോട്ടത്തെ കെ. രാജമണിയുടെ സ്റ്റാളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് 40 -50 വയസ് തോന്നിക്കുന്നയാള്‍ എത്തിയത്.
2020 ഫെബ്രുവരി 19ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് സമ്മാനത്തുക ലഭിച്ച ടിക്കറ്റ് എന്നു പറഞ്ഞ് ഇയാൾ കൈമാറുകയായിരുന്നു.
അന്ന് 1000 രൂപ സമ്മാനത്തുക അടിച്ച എയു 218914 എന്ന സീരിയല്‍ നമ്പര്‍ ഉള്ളതായിരുന്നു ടിക്കറ്റ്. അത് വാങ്ങി രാജമണി അയാള്‍ ആവശ്യപ്പെട്ടത് പ്രകാരം സമ്മാനത്തുകയായ ആയിരം രൂപയില്‍ 200 രൂപയ്ക്ക് അഞ്ച് ടിക്കറ്റും ബാക്കി 800 രൂപ തുകയും നല്കി.
വൈകുന്നേരം പുതിയ ടിക്കറ്റുകള്‍ എടുക്കാനായി തളിപ്പറമ്പ് പദ്മ ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്.
ഏജന്‍സിയിലെ സ്കാനറില്‍ ലോട്ടറി ടിക്കറ്റിന്റെ ബാര്‍ കോഡ് റീഡ് ചെയ്തപ്പോഴാണ് ടിക്കറ്റ് ഫെബ്രുവരി 12ന് നറുക്കെടുത്തതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചുവന്ന നിറത്തിലുള്ള സ്കെച്ച് ഉപയോഗിച്ച് തീയതിയും നീല നിറത്തിലുള്ള സ്കെച്ച് ഉപയോഗിച്ച് നറുക്കെടുപ്പ് നമ്പറും തിരുത്തിയെഴുതിയതായി തെളിഞ്ഞത്.
പിറകില്‍ കണ്ണൂര്‍ ശ്രീകാവേരി ലോട്ടറി ഏജന്‍സിയുടെ സീല്‍ ഉള്ള ലോട്ടറി ടിക്കറ്റാണ് തട്ടിപ്പുകാരന് രാജമണിയെ കബളിപ്പിക്കാന്‍ ഉപയോഗിച്ചത്.