പൊന്നാനി: മൂന്നക്ക ലോട്ടറി തട്ടിപ്പ് ആപ്പ് വഴി നടത്തിയിരുന്ന ഒരാളെ പൊന്നാനി എസ്ഐ ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വെളിയങ്കോട് ചങ്ങാടം റോഡിൽ സോന ലോട്ടറി ഏജൻസി നടത്തുന്ന പൊന്നാനി ആനപ്പടി സ്വദേശി പുതുവീട്ടിൽ അബ്ദുൾ റസാഖ് (41) ആണ് അറസ്റ്റിലായത്.
ഇവിടെ ഒറ്റ നന്പർ ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ലോട്ടറി തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈലും സ്ക്രീൻ ഷോട്ടുകളും, 4,950 രൂപയും പിടിച്ചെടുത്തു. ഒറ്റ നന്പർ ലോട്ടറി അഥവാ എഴുത്ത് ലോട്ടറിയെന്ന പേരിൽ അറിയപ്പെടുന്ന തട്ടിപ്പ് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നടത്തി വരുന്നത്. വാട്ട്സ്ആപ്പ് സന്ദേശമായും ആപ്ലിക്കേഷൻ വഴിയും നന്പർ നൽകുന്നതാണ് പുതിയ രീതി.
ഇതിനാൽ തട്ടിപ്പ് കണ്ടെത്താനും പ്രയാസമാണ്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് മനസിലായത്. ഇടപാടുകാർ നേരിട്ടെത്താതെ വാട്സ്ആപ്പ് സന്ദേശമായി നന്പർ നൽകി വരികയാണ് പുതിയ രീതി.
ഒന്നാം സമ്മാന നന്പർ പ്രവചിച്ച എഴുത്തു ലോട്ടറിക്കാരന് ലഭിക്കുന്നത് ഒരു എഴുത്തു ലോട്ടറിക്ക് അയ്യായിരം രൂപവരെയാണ്. പത്തു രൂപയാണ് എഴുത്തു ലോട്ടറിയുടെ ചെലവ്. ഇത് മേഖലയിൽ വർധിക്കുന്ന സാഹചര്യത്തിൽ പോലീസുകാരെ മഫ്തിയിലും സ്ക്വാഡുകൾ ആക്കി തിരിച്ചും അന്വേഷണം നടത്തുകയായിരുന്നു. ഓരോ നന്പറിനും പ്രത്യേകകോഡ് നൽകിയാണ് ഇയാൾ മൂന്നക്ക ലോട്ടറി നടത്തിയിരുന്നത്.
ഇതര സംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കുന്നത് നിരോധിച്ചതോടെയാണ് എഴുത്തു ലോട്ടറിക്ക് പ്രചാരമേറിയത്. ഒറ്റ അക്ക നന്പർ ലോട്ടറിക്കെതിരെ നടപടി ശക്തമാക്കാനാണ് തീരുമാനം. അറസ്റ്റിലായ പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.