തിരുവനന്തപുരം: ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് വീട്ടമ്മയിൽ നിന്ന് വിൽപ്പനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ലോട്ടറി ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു.
മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.
ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ സുകുമാരിയമ്മയ്ക്ക് കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.
ലോട്ടറി കച്ചവടക്കാരനായ പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ(45) ആണ് ടിക്കറ്റ് മോഷ്ടിച്ചത്. ഇയാളിൽ നിന്ന് സുകുമാരിയമ്മ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റാണ് എടുത്തത്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ വാങ്ങിയത്.
15-ന് നടന്ന നറുക്കെടുപ്പിൽ സുകുമാരിയമ്മ എടുത്ത എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം അടിച്ചത്. ഇതറിഞ്ഞ കണ്ണൻ സുകുമാരിയമ്മയെ കബളിപ്പിച്ച് ടിക്കറ്റുകൾ തിരികെ വാങ്ങി. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയെ കബളിപ്പിച്ച് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നൽകുകയും ചെയ്തു.
ടിക്കറ്റുമായി പോയ ഇയാൾ പാളയത്തുള്ള ഒരു വഴി കച്ചവടക്കാരനോട് തനിക് ലോട്ടറി അടിച്ചെന്ന് പറയുകയും മധുരം നൽക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം സുകുമാരിയമ്മയ്ക്ക് മനസിലായത്. ഉടനെ തന്നെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇയാളെ മ്യൂസിയം പോലീസ് പിടികൂടി