ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണു വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ ഡോറിസ് സ്റ്റാൻബ്രിഡ്ജ് എന്ന വയോധിക ഒരു ചിലന്തിയെ കണ്ടത്. സാധാരണ ചിലന്തിയല്ല, ഭാഗ്യംകൊണ്ടുവരുമെന്നു വിശ്വസിക്കപ്പെടുന്ന “മണി സ്പൈഡര്‍’. വീടിനുള്ളിൽ ചിലന്തി വല കൂടി കണ്ടതോടെ അവർ ലോട്ടറി എടുക്കാൻ തീരുമാനിച്ചു.
അപ്പോൾത്തന്നെ ആപ്പിലൂടെ നാഷണൽ ലോട്ടറിയുടെ സെറ്റ് ഫോര്‍ ലൈഫ് ടിക്കറ്റും എടുത്തു. അന്ന് ഡോറിസിന്റെ എഴുപതാം ജന്മദിനം കൂടിയായിരുന്നു.
റിസൾട്ട് വന്ന ദിവസം ലോട്ടറി ഓഫീസിൽനിന്ന് ഈമെയിൽ ലഭിച്ചു. അതിൽ കണ്ട സന്ദേശം ഇങ്ങനെയായിരുന്നു: “സമ്മാനം ലഭിച്ചതിൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് 30 വർഷത്തേക്കു പ്രതിമാസം 10,000 പൗണ്ട് (ഏകദേശം 10.37 ലക്ഷം രൂപ) വീതം ലഭിക്കും.’ ആദ്യമിത് അവർക്കു വിശ്വസിക്കാനായില്ല.
സംഗതി സത്യമാണെന്നു മനസിലായതോടെ കുടുംബത്തോടൊപ്പം ഷാംപെയ്ൻ കുപ്പി പൊട്ടിച്ചായിരുന്നു ആഘോഷം. ഈ സമ്മാനം 100 വയസുവരെ ജീവിക്കാന്‍ തനിക്കു പ്രചോദനമാകുന്നുവെന്നു ഡോറിസ് പറഞ്ഞു.
സമ്മാനത്തുകകൊണ്ട് എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിന് വിദേശത്ത് അവധി ആഘോഷിക്കുമെന്നും 50 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുമെന്നുമായിരുന്നു മറുപടി. സിമ്മിംഗ് പൂളും നല്ല സൂര്യപ്രകാശവുമുള്ള വീടായിരിക്കും നിര്‍മിക്കുകയെന്നും ഡോറിസ് പറഞ്ഞു.