ടിങ്കിൾ എന്നൊരു ഇംഗ്ലീഷ് വാക്കുണ്ട്. ഇഴയുക എന്ന അർഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. ഇഴയുന്നവയെ നമുക്കു പൊതുവേ പേടിയാണ്. കാരണം ആ വാക്കു കേൾക്കുന്പോഴേ ഇഴഞ്ഞുവരുന്ന ഒരു പാന്പിനെ ഓർമവരും.
എന്നാൽ ഈ ടിങ്കിൾ പേടിക്കേണ്ട ഒന്നല്ല. മറിച്ച് ഇതു നമ്മളെ ശാന്തരാക്കും, സുഖവും സമാധാനവും തോന്നിപ്പിക്കും.. മെല്ലെ മെല്ലെ ഉറക്കം വരുത്തും…
ഒരു ഇംഗ്ലീഷ് വാക്കുകൂടി പഠിക്കാം. വാക്കല്ല, ഒരു ചുരുക്കപ്പേരാണ് അത്- എഎസ്എംആർ. ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്പോണ്സ് എന്നതിന്റെ ചുരുക്കപ്പേര്.
ലളിതമായി പറഞ്ഞാൽ നേരത്തേ കണ്ട ഇഴച്ചിലിന്റെ ശാസ്ത്രീയമായ പേരാണ് എഎസ്എംആർ. നമ്മുടെ തലയിൽ, കഴുത്തിൽ, നട്ടെല്ലിൽ, കാലുകളിൽ എല്ലാം, സുഖമുള്ള എന്തോ ഒന്ന് ഇഴഞ്ഞുനടക്കുന്ന അനുഭവമുണ്ടാക്കുകയും, പതിയെപ്പതിയെ ശാന്തമായ ഉറക്കത്തിലേക്കു കൈപിടിച്ചു നടത്തുകയും ചെയ്യുന്ന ഒന്നാണിത്.
ചില പ്രത്യേക ശബ്ദങ്ങൾ, ദൃശ്യങ്ങൾ എന്നിവയാണ് നമ്മളെ ഈ അവസ്ഥയിലേക്ക് എത്തിക്കുക. ആ ശബ്ദങ്ങളിലൊന്നാണ് വിസ്പറിംഗ് അഥവാ അടക്കംപറച്ചിൽ. ചെവിയിൽ ചുണ്ടുകൾ ചേർത്ത് സ്വകാര്യം പറയുന്നതുപോലെ.
ഇത്രയും പറഞ്ഞത് എന്തിനാണ്? ഇതു വായിക്കുന്ന നിങ്ങളെ ഉറക്കാനല്ല, ഉണർത്താനാണ്. ലോട്ടീ ഫിലോസ് എന്ന ഇരുപതുകാരി വിദ്യാർഥിനി ഇത്തരം അടക്കംപറച്ചിൽ വീഡിയോകളിലൂടെ ആളുകളെ സാന്ത്വനിപ്പിച്ച് ഉറക്കി യുട്യൂബിൽനിന്ന് ഒരു വർഷം സന്പാദിച്ചത് 45,000 യൂറോയാണ്. അതായത് 40 ലക്ഷം രൂപ!
കഥപറഞ്ഞ ടീച്ചർ
ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് വിദ്യാർഥിനിയാണ് ലോട്ടീ ഫിലോസ്. എങ്ങനെയാണ് എഎസ്എംആർ വിദ്യയിലേക്ക് താൻ എത്തിയതെന്ന് ലോട്ടീ പറയുന്നു:
പ്രൈമറി സ്കൂളിൽ എന്റെ ടീച്ചർ വളരെ സോഫ്റ്റ് ആയി കഥകൾ പറയാറുണ്ട്. അതാണ് എന്റെ ആദ്യത്തെ ഓർമ. അവരുടെ മൃദുവായ വാക്കുകളും മെല്ലെ പേജുകൾ മറിക്കുന്ന ശബ്ദവുമെല്ലാം എന്റെ തലയിൽ ആരോ തഴുകുന്ന, വിരലുകൾ ഇഴയുന്നപോലുള്ള അനുഭവം ഉണ്ടാക്കാറുണ്ട്.
പതിയെ അതെന്നെ ഉറക്കംവരുന്ന അവസ്ഥയിലേക്ക് എത്തിക്കും. 2018ൽ ആണ് ഞാൻ എഎസ്എംആറിനെക്കുറിച്ച് ഓണ്ലൈനിൽ കൂടുതൽ ഗൗരവമായി വായിക്കുന്നത്.
അക്കാലത്ത് ചില മാനസിക പ്രശ്നങ്ങളുമായി കഷ്ടപ്പെടുകയായിരുന്നു ഞാൻ. റേഡിയോയിൽ എഎസ്എംആറിനെക്കുറിച്ചു കേട്ട അമ്മ അതൊന്നു ശ്രമിച്ചുനോക്കാൻ എന്നോടു പറയുകയായിരുന്നു.
യുട്യൂബിൽ ഞാൻ അതു സംബന്ധിച്ച ഒട്ടേറെ വീഡിയോകൾ കണ്ടു. അങ്ങനെ എനിക്കു മനസിലായി- ഇതൊരു വിസ്മയകരമായ സംഗതിയാണ്! അവിശ്വസനീയമാംവിധം നമ്മളെ അതു ശാന്തമാക്കും. എങ്ങനെ എന്നൊന്നും എനിക്കന്ന് അറിയില്ലായിരുന്നു. പക്ഷേ, എനിക്കത് ഗംഭീരമായ അനുഭവമായിരുന്നു.
യുട്യൂബിലേക്ക്
തനിക്ക് വളരെ പ്രയോജനകരമാണെന്നു തിരിച്ചറിഞ്ഞ ലോട്ടീ ഈ വിഷയത്തിൽ സ്വയം വീഡിയോകൾ തയാറാക്കാം എന്നുറപ്പിച്ചു. മാനസികാരോഗ്യം ഇല്ലാത്തവരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്വന്തം യുട്യൂബ് ചാനൽ തുടങ്ങി.
എങ്ങനെ വീഡിയോ റെക്കോർഡ് ചെയ്യണം, ശബ്ദവും വെളിച്ചവും എങ്ങനെ ക്രമീകരിക്കണം, എങ്ങനെ എഡിറ്റ് ചെയ്യണം എന്നൊന്നും ലോട്ടീക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ കാഴ്ചക്കാർ തുടക്കത്തിൽ വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അതോടെ ചാനൽ മറ്റുള്ളവരെ കാണിക്കാൻപോലും ലോട്ടീ മടിച്ചു.
എന്നാൽ ഇന്ന് അവരുടെ ചാനലിൽ 170 വീഡിയോകൾ ഉണ്ട്. സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം ഏതാണ്ട് 85,000 ആണ്. രണ്ടര ലക്ഷത്തോളം തവണ ലോട്ടീയുടെ വീഡിയോകൾ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. വരുമാനമാകട്ടെ ദിവസേന ഉയർന്നുകൊണ്ടിരിക്കുന്നു.
ലോട്ടീ ഫിലോസ് നോട്ടീ ഫെലോയല്ല
ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്തുകൊണ്ടാണ് ലോട്ടീ പഠിക്കാനുള്ള തുക കണ്ടെത്തിയിരുന്നത്. യുട്യൂബിൽനിന്നു വരുമാനമെത്തിയതോടെ ഇപ്പോൾ ആ ജോലി നിർത്തി. എന്റെ ചാനൽ ക്ലിക്കാവുന്നതു കണ്ട് ഞാൻതന്നെ ഞെട്ടിപ്പോയി. അത്രയും അവിശ്വസനീയമായിരുന്നു അത്- ലോട്ടീ പറയുന്നു.
വളരെ വ്യക്തിപരമായാണ് വീഡിയോകളിൽ ലോട്ടീ സംസാരിക്കുന്നത്. ഹലോ മൈ ഡാർലിംഗ്സ് (എന്റെ പ്രിയപ്പെട്ടവരേ..) എന്ന വാക്ക് അവൾ പലപ്പോഴും ആവർത്തിക്കും. ചിലപ്പോഴൊക്കെ ഒരു വിദഗ്ധയായ ആരോഗ്യപ്രവർത്തകയായി ഭാവിക്കും.
കേൾവിക്കാർക്ക് ഒരു മുതിർന്ന സഹോദരിയോ സ്റ്റൈലിസ്റ്റോ കൗണ്സലറോ ഒക്കെയാവും ലോട്ടീ. മുടിയിഴകൾക്കിടയിലൂടെ തലയോട്ടിയിൽ തഴുകുന്ന അനുഭവം അവർക്കു കിട്ടും.
അവളുടെ വാക്കുകൾ കേട്ട് അവർ സമാധാനത്തോടെ ഉറക്കത്തിലേക്കു വീഴും. സെലിബ്രിറ്റികൾ പോലും ഇന്ന് ലോട്ടീയുടെ ഫോളോവേഴ്സ് ആണ്.
എന്നാൽ ചിലർ അവളുടെ വീഡിയോകളെ ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. വീഡിയോകൾ ലൈംഗികച്ചുവയുള്ളവയാണെന്ന് ആരോപിക്കുകയാണ് വിമർശകർ. അതിനു ലോട്ടീക്കു കൃത്യമായ മറുപടിയുണ്ട്:
എഎസ്എംആർ സെക്ഷ്വൽ ആണെന്ന് ചിലർ പറയുന്നു. അങ്ങനെയെങ്കിൽ എന്തിനെയും അങ്ങനെ അശ്ലീലമായി അവതരിപ്പിക്കാം. അങ്ങനെ ചെയ്യുന്നവരുണ്ട്.
അതു യുട്യൂബിൽ കൂടുതൽ വ്യൂ കിട്ടാൻ ആഗ്രഹിക്കുന്നവരുടെ കുറുക്കുവഴി മാത്രമാണ്. ഞാൻ ചെയ്യുന്നതിൽ ഒരു തരിപോലും ലൈംഗികതയില്ല. എണ്ണമില്ലാത്ത ആളുകൾക്ക് ആശ്വാസം എത്തിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു.
ടെൻഷനും വിഷാദരോഗവും മൂലം കഷ്ടപ്പെടുന്നവർക്ക് ഇതൊരു പിടിവള്ളിയാണെന്നു മാത്രം അറിയുക. എനിക്കിത് ഏറെ ഇഷ്ടമുള്ള, സർഗാത്മകമായ പ്രവൃത്തികൂടിയാണ്. പണം കിട്ടുന്നു എന്നത് സ്വാഭാവികമായും സന്തോഷമുണ്ടാക്കുന്നു.
സ്വന്തമായി കാർ വാങ്ങി. ഇനിയൊരു വീടുണ്ടാക്കാൻ പണം സ്വരുക്കൂട്ടുകയുമാണ്. വിമർശിക്കാൻവേണ്ടി വിമർശിക്കുന്നവർ എന്തും പറയട്ടെ!
തയാറാക്കിയത്: ഹരിപ്രസാദ്