ചേർത്തല: അമ്മയ്ക്ക് ലോട്ടറിയടിച്ച അഞ്ഞൂറുരൂപ കൊണ്ട് ലോട്ടറി ടിക്കറ്റെടുത്ത മകന് 75ലക്ഷം. തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചേർത്തല നഗരസഭ മൂന്നാം വാർഡിൽ കൊച്ചുചിറയിൽ വിജിമോനാണ് ലഭിച്ചത്.
ചേർത്തല വടക്കേകുരിശ് കവലയിലെ അക്ഷയ ലക്കി സെന്ററിൽ നിന്നും എടുത്ത ഡബ്ല്യുജെ 693433 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
അമ്മ പത്മവല്ലിക്ക് കഴിഞ്ഞദിവസം കേരളാ ലോട്ടറിയുടെ 500 രൂപ സമ്മാനമായി അടിച്ചിരുന്നു. ഈ ടിക്കറ്റ് പണമാക്കി മാറ്റാനാണ് വിജിമോൻ ലക്കി സെന്ററിലെത്തിയത്.
സമ്മാനത്തുക നൽകാൻ അപ്പോൾ അവിടെ പണമില്ലായിരുന്നു. പണത്തിനുപകരമായി മൂന്നു വിൻവിൻ ലോട്ടറിയെടുത്താണ് വിജിമോൻ മടങ്ങിയത്.
വൈകുന്നേരം ബാക്കിത്തുക വാങ്ങാനെത്തിയപ്പോഴാണറിയുന്നത് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. കൂടാതെ എടുത്ത മറ്റു രണ്ടുടിക്കറ്റുകൾക്ക് 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു.
രണ്ടാഴ്ച മുന്പും കേരളാ ലോട്ടറിയിലൂടെ ഭാഗ്യദേവത ചേർത്തല നിവാസികളെ അനുഗ്രഹിച്ചിരുന്നു.
10നു നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ വെൽഡിംഗ് തൊഴിലാളിയായ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പാറയിൽ രഞ്ജുഭവനിൽ രഞ്ജുരത്തിനായിരുന്നു.
റിസൾട്ട് നോക്കാൻ ലോട്ടറി വിൽക്കുന്ന സ്ത്രീയെ തന്നെ ടിക്കറ്റ് ഏല്പിച്ച് മടങ്ങി പോയ രഞ്ജുരത്തിനെ അടുത്തദിവസം സമ്മാനർഹമായ ടിക്കറ്റ് തിരികെ ഏൽപ്പിച്ച സംഭവവും ചേർത്തലയിൽ ചൂടുള്ള ചർച്ചയായിരുന്നു.