ഭാഗ്യപരീക്ഷണത്തിനായി ലോട്ടറിയെടുക്കുന്ന ധാരാളം ആളുകളുണ്ട്. ലോട്ടറിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. തലേദിവസം അടിക്കുന്ന നന്പർ പിറ്റേദിവസം എടുക്കുന്നവരുണ്ട്. ചിലർക്ക് കൗതുകമുള്ള നന്പരുകളാണ് താത്പര്യം. എന്നാൽ ഒരേ നന്പരുതന്നെ സ്ഥിരമായി എടുക്കുന്നവരെ പരിചയമുണ്ടോ? അതും മുപ്പതുവർഷമായി!
എന്നാൽ പരിചയപ്പെട്ടോളൂ. വിയറ്റ്നാം സ്വദേശിയായ ബോണ്‍ ട്രൂഓങാണ് താരം. കഴിഞ്ഞ മുപ്പതു വർഷമായി സ്ഥിരമായി ഒരേ നന്പറിലുള്ള ലോട്ടറികളാണ് ബോണ്‍ എടുക്കാറുള്ളത്. ഒടുവിൽ ഭാഗ്യദേവത ബോണിനെ കടാക്ഷിക്കുകയും ചെയ്തു. അതും ജാക്പോട്ട് സമ്മാനം നൽകി.
കനേഡിയൻ കന്പനിയുടെ ലോട്ടോ മാക്സ് ലോട്ടറിയുടെ ജാക്ക് പോട്ട് സമ്മാനമായി 60 മില്യണ്‍ ഡോളർ (ഏകദേശം 430 കോടി രൂപ) ആണ് ബോണിന് ലഭിച്ചത്. 2,3,4,8,9,20,30 എന്നീ നന്പറുകളിലുള്ള ലോട്ടറിയാണ് എടുത്തിരുന്നത്.
കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് നനന്പറുകൾ കണ്ടെത്തിയത്. ലോട്ടറിയടിച്ച വിവരമറിഞ്ഞ ബോണ്‍ പക്ഷെ ആരോടും പറഞ്ഞില്ല. പത്തുമാസം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബോണ്‍ തനിക്കാണ് ലോട്ടറിയടിച്ചതെന്ന വിവരം പുറത്തുവിട്ടത്.
ലോട്ടറിയടിച്ച വിവരമറിഞ്ഞ് താൻ എന്തുചെയ്യണമെന്ന് അറിയാത്ത നിലയിലായി. ഇത്രയും വലിയ തുക ലഭിക്കുന്നതോടെ ജീവിതത്തിൽ വലിയ മാറ്റം സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഇതിനുള്ള തയാറെടുപ്പായിരുന്നു പിന്നീട് നടത്തിയത്. ഇത്രയും വലിയ തുകയാണ് ലോട്ടറിയടിച്ചതെന്ന കാര്യം ഉൾക്കൊള്ളാൻ 10 മാസമെടുത്തു. കടങ്ങൾ വീട്ടണം, ഒരു വീട് വാങ്ങണം, കുടുംബാംഗങ്ങളോട് ഒത്ത് ചില യാത്രകൾ നടത്തണം. പക്ഷെ അത് എങ്ങോട്ടാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല- ബോണ്‍ തന്റെ ആഗ്രഹം വെളിപ്പടുത്തി.
1983ൽ വിയറ്റ്നാമിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് ബോണ്‍. അവിടെ പൂന്തോട്ട സൂക്ഷിപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമുള്ള യാത്രയ്ക്കു ശേഷം തന്റെ ജോലി തുടരാനാണ് ബോണ്‍ ട്രൂഓങിന്റെ തീരുമാനം. 10 മില്യൺ ഡോളറാണ് ലോട്ടോ മാക്സ് ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 70 മില്യൺ ഡോളറാണ് ഉയർന്ന സമ്മാനം.