മുക്കൂട്ടുതറ: ഒന്നാം സമ്മാനം താൻ വിറ്റ ലോട്ടറി ടിക്കറ്റിനാണെന്ന് അറിഞ്ഞത് മുതൽ എലിവാലിക്കര കാഞ്ഞിരക്കാട്ട് മനോജ് തിരയുകയാണ് ആ ബമ്പർ ഭാഗ്യവാനെ.
ടിക്കറ്റുമായി ഭാഗ്യവാൻ എത്തിയാൽ മനോജിനും ഭാഗ്യം കമ്മീഷനായി കനിയും.
കേരള ലോട്ടറി കാരുണ്യയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ.ഡി. 106268 ടിക്കറ്റിനാണ്.
ലോട്ടറി വിൽപനക്കാരനായ മനോജ് ആയിരുന്നു ഈ ടിക്കറ്റ് വിറ്റത്. എന്നാൽ, ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് കൃത്യമായി ഓർമയില്ല.
എരുമേലിയിലെ കെ. മധു ലക്കി സെന്ററിൽ നിന്നാണ് മനോജ് ടിക്കറ്റുകൾ വിൽപനക്കായി വാങ്ങിയത്.
വർഷങ്ങളായി ലോട്ടറി വില്പനക്കാരനായ മനോജ് ഭാഗ്യവാൻ ഉടനെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
അജ്ഞാതനായ ആ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നാടും കാത്തിരിക്കുന്നു.