മൂവാറ്റുപുഴ: 80 ലക്ഷത്തിന്റെ ഭാഗ്യദേവത കനിഞ്ഞ അതിഥി തൊഴിലാളി വിവരമറിഞ്ഞതോടെ ഓടിക്കയറിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്.
15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി അലാലുദ്ദീനാണ് വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത്.
ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്നുവെന്നും ഇതിനാലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കെത്തിയതെന്നും ഇയാൾ പറഞ്ഞു.
കാര്യങ്ങൾ പോലീസുകാരെ പറഞ്ഞ് മനസിലാക്കിയപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ. അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേൽപിച്ചു.
ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി.
മാനേജർ ബിജോമോനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നൽകി.
വ്യാഴാഴ്ചയാണ് മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ബിജോ ചുമതലയേറ്റത്. ആദ്യ ദിനം ബിജോമോനും അവിസ്മരണീയമായി.