പൊൻകുന്നം: താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്നറിയപ്പെടുന്ന ആയിരം ഇതളുകളുള്ള താമര വീട്ടുമുറ്റത്ത് വിരിഞ്ഞു. ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി.എൻ. സോജന്റെ വീട്ടിലാണ് പത്മം വിരിഞ്ഞിരിക്കുന്നത്. നഴ്സറിയിൽ നിന്നു വാങ്ങിയ ട്യൂബർ ആണ് നട്ടത്. ഇപ്പോൾ രണ്ടു തൈ പൂത്തു.
ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായാണ് വിരിഞ്ഞുകാണാറുള്ളത്. ട്യൂബർ നട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണ് മൊട്ടിട്ടത്.
പൂമൊട്ട് വന്ന് പതിനഞ്ച് ദിവസത്തോളമെത്തുമ്പോഴാണ് പൂവിരിയുന്നത്. വിരിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞുതുടങ്ങും. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1,600വരെ ഇതളുകൾ ഉണ്ടാകുമെന്ന് സോജൻ പറഞ്ഞു.
കെ.എ. അബ്ബാസ്