കോട്ടയം: വസന്തം സൃഷ്ടിച്ചു വരുമാനം കണ്ടെത്തുകയാണ് കോട്ടയം-കുമരകം റോഡിൽ കണ്ണാടിച്ചാലിൽ റോഡരികിലുള്ള കിഴക്കേതുണ്ടിയിൽ സനീഷ്.
നെൽകൃഷി ഉപേഷിച്ച 23 സെന്റ് പാടത്ത് താമരപ്പൂക്കളുടെ കൃഷിചെയ്താണ് സനീഷ് ഇന്നു കുടുംബം പുലർത്തുന്നത്. ബന്ധുവിന്റെ വീട്ടിൽനിന്നും കിട്ടിയ താമര വള്ളിയിൽ നിന്നുമാണ് പാടത്ത് മുഴുവനായി പടർന്നു വസന്തമൊരുക്കിയ താമരപ്പൂക്കളെ ഈ യുവാവ് ഒരുക്കിയത്.
ഹൗസ്ബോട്ടിലെ കുക്കായിരുന്ന സനീഷിന് കോവിഡ് കാലത്ത് ജോലി നഷ്ടമായതോടെയാണ് താമരപൂക്കൾ വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്നത്. എല്ലാ ദിവസവും പൂക്കൾ പറിച്ച് അന്പലങ്ങളിലും മറ്റും പൂജയ്ക്കായി നൽകി വരുമാനമുണ്ടാക്കുന്നു.
കല്യാണ ആവശ്യങ്ങൾക്കും ബൊക്കെയാക്കാനും അലങ്കാരത്തിനും മാത്രമല്ല മരുന്നിന്റെ ആവശ്യത്തിനും താമര തേടിവരുന്നവരുണ്ട്. എല്ലാ ദിവസവും താമരപൂക്കൾ ഉണ്ടാകും. തണ്ണീർമുക്കം ബണ്ടു തുറക്കുന്പോൾ ഓരുവെള്ളം കയറുന്ന സമയത്തു താമരചെടികൾ നശിക്കും.
പിന്നീട് പുതുമഴയിൽ വീണ്ടും തളിർക്കുകയും പുഷ്പിക്കുകയും ചെയ്യും. രാവിലെ എട്ടോടെയാണ് താമരപ്പൂക്കൾ വിടരാൻ തുടങ്ങുന്നത്. വിടർന്ന പൂക്കളേക്കാൾ വിടരാൻ വെന്പുന്ന മൊട്ടുകൾക്കാണ് ആവശ്യക്കാരുള്ളത്.
ഇതു വെള്ളത്തിലിട്ടുവച്ചാൽ അഞ്ചു ദിവസം വരെ വാടാതെ നിൽക്കും. തലയുയർത്തി നിൽക്കുന്ന താമരപ്പൂക്കളെ കാണാൻ പുലർച്ചെ മുതൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. പൂക്കൾ കാണുന്നതിനും കൊണ്ടുപോകുന്നതിനും ഫോട്ടോയെടുക്കാനും ആളുകൾ ഇവിടേക്ക് എത്തുന്നു.