700 വർഷം പഴക്കമുള്ള താമരവിത്ത് ഒടുവിൽ തളിരിട്ടു. കിഴക്കൻ ചൈനയിലെ ഷാണ്ടോഗ് പ്രവിശ്യയിലാണ് സംഭവം. പുരാവസ്തു ഗവേഷകർ രണ്ടു വർഷം മുന്പാണ് നൂറ്റാണ്ടുകൾ പഴക്കം ചെന്ന താമരവിത്ത് കണ്ടെത്തിയത്. തുടർന്ന് വിത്തിന്റെ സംരക്ഷണം ചൈനയിലെ പ്രശസ്ത സസ്യശാസ്ത്ര വിദഗ്ധനായ ഡോ. ലി സെൻഗ്രോഗ് ഏറ്റെടുക്കുകയായിരുന്നു.
രണ്ടു വർഷത്തോളം നീണ്ട പരിചരണങ്ങൾക്കൊടുവിലാണ് താമരവിത്തിനു ജീവൻ വച്ചത്. ചെറിയ കുളത്തിൽ പന്തലിച്ചു വളരുന്ന താമരച്ചെടിയുടെ ചിത്രങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. താമരവിത്ത് എഡി 960- 1279 കാലഘട്ടത്തിലുള്ളതാണെന്നാണ് പുരാവസ്തു ഗേവേഷകർ പറയുന്നത്. താമരപ്പൂവ് അതിവിശിഷ്ടമായി കാണുന്ന ചൈനക്കാർ ഒന്നടങ്കം ചരിത്രമുറങ്ങുന്ന ഈ താമരച്ചെടി പൂവിടുന്നതും കാത്തിരിക്കുകയാണിപ്പോൾ.