തലശേരി: ഒളിച്ചോടാൻ കാമുകൻ തയാറാകാത്തതിനെ തുടർന്ന് കാമുകന്റെ മുന്നിൽ വച്ച് കടലിൽ ചാടി ജീവനൊടുക്കാൻ ഭർതൃമതിയും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ കാമുകിയുടെ ശ്രമം.
വിവരമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് യുവതിയെ രക്ഷിച്ച് വനിത സ്റ്റേഷനിൽ എത്തിച്ചപ്പോൾ സാനിറ്റൈസർ കുടിച്ചും ആത്മഹത്യാ ശ്രമം.
തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പയ്യാന്പലത്തും കണ്ണൂർ വനിതാ സ്റ്റേഷനിലുമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പയ്യാന്പലത്തു നിന്നും പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുവതി സാനിറ്റൈസർ കുടിച്ചത്.
നവമാധ്യമത്തിലൂടെ പരിചയപ്പെട്ട മുപ്പതുകാരനോടൊപ്പമാണ് യുവതി പയ്യാമ്പലത്തെത്തിയത്. കാമുകനൊപ്പം ഒളിച്ചോടാൻ തയാറായിട്ടായിരുന്നു യുവതി എത്തിയത്.
എന്നാൽ തന്നേക്കാൾ എട്ട് വയസ് അധികമുള്ള യുവതിക്കൊപ്പം ഒളിച്ചോടാൻ യുവാവ് വിസമ്മതിച്ചു. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്നുള്ള പരാതിയുമായി യുവതിയുടെ ഭർത്താവ് തലശേരി സ്റ്റേഷനിലെത്തി.
തലശേരി പോലീസിന്റെ അന്വേഷണത്തിലാണ് യുവതിയും കാമുകനും പയ്യാമ്പലത്തുണ്ടെന്ന വിവരം ലഭിച്ചത്. യുവതിയുടെ ആത്മഹത്യ നീക്കം മനസിലാക്കിയ തലശേരി പോലീസ് വിവരം കണ്ണൂർ പിങ്ക് പോലീസിനു കൈമാറി.
തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളും സ്റ്റേഷനിലെത്തി.
ചാറ്റിംഗിൽ മാത്രമായിരുന്നു താത്പര്യമെന്നും യുവതി നിർബന്ധിച്ചാണ് തന്നെ പയ്യാമ്പലത്ത് വരുത്തിയതെന്നും ഒന്നിച്ച് ജീവിക്കാൻ താത്പര്യമില്ലെന്നും കാമുകൻ വ്യക്തമാക്കി.
ഇതിനിടയിൽ വനിതാ സ്റ്റേഷനിലെ എസ് ഐ യുവതിക്ക് കൗൺസിലിംഗ് നൽകുകയും ഒടുവിൽ യുവതി ഭർത്താവിനോടൊപ്പം പോകാൻ സമ്മതം മൂളുകയും ചെയ്തു.
പ്രശ്നം തീർന്ന് സ്റ്റേഷനു പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാരുടേയും ബന്ധുക്കളുടേയും മുന്നിൽ വെച്ച് ഹാൻഡ് ബാഗിൽ നിന്നും സാനിറ്റൈസർ എടുത്ത് യുവതി കുടിച്ചത്.
സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ വനിതാ പോലീസ് സാനിറ്റൈസർ ബോട്ടിൽ തട്ടിത്തെറിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.