‘റഷ്യക്കാരിയെ മലയാളി യുവാവ് ഫേസ്ബുക്കിലൂടെ പ്രണയിച്ചു. യുവാവിനെ തിരഞ്ഞു റഷ്യക്കാരി നാട്ടിലെത്തി. ഇപ്പോ കല്യാണവും കഴിഞ്ഞു. എല്ലാം പെട്ടന്നായിരുന്നു. റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും’. ഇതായിരുന്നു വാട്‌സ്ആപ്പില്‍ പ്രചരിച്ച വാര്‍ത്ത.
ശരിക്കുമുള്ള സംഭവം ഇങ്ങനെ: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആകാശ് ഫേസ്ബുക്കുവഴിയാണ് റഷ്യന്‍ യുവതിയുമായി അടുപ്പത്തിലാകുന്നത്. ഒടുവില്‍ അത് പ്രണയത്തിലേക്ക് വഴിമാറി. കാമുകിയെ കാണാന്‍ ഇല്ലാത്ത കാശുണ്ടാക്കി റഷ്യയില്‍ ചെന്നു. അവിടെവച്ച് റഷ്യന്‍ ആചാരപ്രകാരം യുവതിയെ വിവാഹം ചെയ്തു. വിവാഹശേഷം യുവാവ് സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് മടങ്ങി. സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുംവരെ വിവാഹ വിവരം പുറത്ത് വിടേണ്ട എന്നായിരുന്നു ഇരുവരുടേയും തീരുമാനം.
എന്നാല്‍ യുവാവിന്റെ വീട്ടില്‍ മറ്റ് വിവാഹാലോചനകള്‍ നോക്കി തുടങ്ങി. നിവര്‍ത്തിയില്ലാതെ ആകാശ് യുവതിയോട് തന്റെ നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി എത്തി. ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തിട്ടല്ലാതെ ഇരുവരെയും വീട്ടിലേക്ക് കയറ്റില്ലെന്ന് മാതാപിതാക്കള്‍ വാശിപിടിച്ചു. തുടര്‍ന്ന് അമ്പലത്തില്‍ വച്ച് ആകാശ് യുവതിയെ താലികെട്ടി. അങ്ങനെ മൈലുകള്‍ താണ്ടിയുള്ള ഒരു പ്രണയം കൂടി വിജയിച്ചു. ഇതാണ് സത്യം.