കൊടകര: യുവതിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടൂർ കൊന്നക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (37) കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
കോടാലിയിലുള്ള 32 കാരിയുമായി ഫോണിൽ പരിചയപ്പെട്ട ഇയാൾ പ്രണയം നടിക്കുകയും കെഎസ് എഫ്ഇയിൽ ഓഡിറ്ററാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയതിനെ തുടർന്നുയുവതി ഇയാളോടൊപ്പം വീടുവിട്ട് ഇറങ്ങിപോകുകയായിരുന്നു. തൃശൂർ ബസ്റ്റാന്റിൽ കാത്തു നിന്ന ഇയാൾ യുവതിയെ കൂട്ടി പഴനി, മധുര , കോയന്പത്തൂർ, ഏർവാടി തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പാലക്കാട്ടെത്തി അവിടെയുള്ള ബ്യൂട്ടി പാർലറിൽ ഫേഷ്യലിംഗ് നടത്താനായി യുവതിയെ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു.
യുവതിയുടെ പക്കലുണ്ടായിരുന്ന എണ്‍പതിനായിരത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു.യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഹോട്ടലിൽ പാചകക്കാരനായി ജോലിചെയ്യുന്ന മുഹമ്മദ് ഷാഫി നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുള്ളയാളാണെന്ന് സി.ഐ. കെ.സുമേഷ് പറഞ്ഞു. ആദ്യ ഭാര്യ ഉപേക്ഷിച്ചാണു രണ്ടാമത് വിവാഹം കഴിച്ചത്.