മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ എൻആർ പുരയ്ക്കടുത്തു ബാസപുര സ്വദേശിനിയായ ബിന്ദുവാണു മരിച്ചത്.
എൻആർ പുരയ്ക്കടുത്തു മാഗൽഗോഡിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റു റോഡരികിൽ വീണുകിടന്ന ബിന്ദുവിനെ നാട്ടുകാരാണു ബലഹന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.
ബലഹന്നൂർ ഗാണ്ടിഗേശ്വരയിലെ മിഥുൻ എന്ന യുവാവാണ് യുവതിയെ ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മിഥുൻ രണ്ടുദിവസം മുന്പ് കോടതിയിൽ കീഴടങ്ങിയിരുന്നു.
നാളുകളായി പ്രണയാഭ്യർഥനയുമായി ബിന്ദുവിന്റെ പിന്നാലെ നടക്കുകയായിരുന്നു മിഥുൻ. ബിന്ദു പ്രണയാഭ്യർഥന പൂർണമായും നിരാകരിച്ചതോടെയാണു യുവാവ് പ്രകോപിതനായി ആക്രമണം നടത്തിയത്.