ജീവനോളം സ്നേഹിച്ച പങ്കാളി ചതിക്കുന്നത് പലപ്പോഴും മനുഷ്യനെ തളർത്തിക്കളയാറുണ്ട്. ചിലർ അതിൽ നിന്നും വേഗത്തിൽ കരകയറാറുണ്ട്. മറ്റു ചിലരാകട്ടെ നിരാശയുടെ കൊടുമുടിയിലേക്ക് വീഴാറുമുണ്ട്. എന്നാൽ തന്നെ ചതിച്ച പ്രതിശ്രുതവരന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ജാമി എന്ന യുവതി. നിരാശാ കാമുകി ആയി നടക്കാനൊന്നും തന്നെക്കിട്ടില്ലെന്നാണ് യുവതിയുടെ ഭാഗം.
ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആൾ ചതിച്ച കാര്യം ജാമി പറഞ്ഞത്. എന്നാൽ, തന്നെ തേച്ചിട്ട് പോയവനോട് വളരെ വ്യത്യസ്തമായ രീതിയിലാണ് പകരം ചോദിച്ചതെന്നും യുവതി പറഞ്ഞു.
പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. എന്നാൽ, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തിൽ അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനോ ജാമിക്ക് താൽപര്യം ഇല്ലായിരുന്നു. അതിനു പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് ജാമി ചെയ്തത്.
തന്റെ പങ്കാളി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ നിമിഷം അയാൾക്കൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടിൽ നിന്നും യുവതി ഇറങ്ങി. ഇറങ്ങും മുമ്പ് ഫ്രോസൺ ചെയ്ത മീൻ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.
പിന്നീടുള്ള കാര്യങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാൾ വീടിനുള്ളിൽ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാൽ, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാൾക്ക് എളുപ്പത്തിൽ കണ്ടെത്താനും പറ്റില്ലെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
യുവതിയുടെ വീഡിയോ വളരെ വേഗത്തിൽ വൈറലായി. യുവതി ചെയ്തത് പൊളിച്ചു എന്നാണ് പലരും കമന്റ് ചെയ്തത്. തേച്ചിട്ട് പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടേ എന്നാണ് വീഡിയോ കണ്ടവർ പറഞ്ഞത്.