ഡൊഡോമ: കൂട്ടുകാരിയോടു പ്രണയം തുറന്നുപറയാൻ വ്യത്യസ്ത വഴി തേടിയ യുവാവിനു ദാരുണാന്ത്യം. സ്റ്റീവൻ വെബർ എന്ന യുവാവാണു ടാൻസാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോർട്ടിൽ മുങ്ങിമരിച്ചത്.
കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം അണ്ടർ വാട്ടർ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനാണു ബെബർ ടാൻസാനിയയിൽ എത്തിയത്. സമുദ്രത്തോട് അതിരിടുന്ന തടികൊണ്ടു നിർമിച്ച മുറിയിലായിരുന്നു ഇവരുടെ താമസം.
വ്യാഴാഴ്ച മുറിക്കു പുറത്തു വെള്ളത്തിലേക്കു നീന്തിയിറങ്ങിയ വെബർ പേപ്പറിൽ എഴുതിയ കുറിപ്പിലൂടെ തന്റെ പ്രണയം അറിയിച്ചു. റിസോർട്ടിലെ മുറിയിലിരുന്ന കൂട്ടുകാരിക്കു ചില്ലുഗ്ലാസിലൂടെ ഇതു കാണാൻ കഴിയുമായിരുന്നു. തനിക്ക് അധികനേരം ശ്വാസം പിടിക്കാൻ കഴിയില്ല എന്ന് ഈ കുറിപ്പിൽ വെബർ എഴുതിയിരുന്നു.
ഇതിനുശേഷം വെബർ ജലനിരപ്പിലേക്കു പൊന്തിവന്നില്ല. വെബറിന്റെ വെള്ളത്തിലെ പ്രണയാഭ്യർഥന കെനീഷ്യാ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കഴിഞ്ഞ ദിവസം കെനീഷ്യാ ഈ ഫോട്ടോയും വീഡിയോയും തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു. ഇതിനു പിന്നാലെ വെബറിന്റെ മരണം സ്ഥിരീകരിച്ച് മന്ത റിസോർട്ട് വാർത്താക്കുറിപ്പിറക്കി.
വെള്ളത്തിനടിയൽ വെബറിന് അപകടം പറ്റിയെന്നും തങ്ങള്‍ എത്തുന്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിസോർട്ട് അധികൃതർ ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.