കോട്ടയം: പ്രണയദിനത്തിൽ കാമുകിക്കു നൽകാൻ റോസാപ്പൂവുമായി വന്ന കാമുകന് ആ കാഴ്ച സഹിക്കാവുന്നതിലും ഏറെയായിരുന്നു. ഹൃദയം നിറയെ സ്നേഹവുമായി കാമുകനെത്തിയപ്പോൾ കാമുകിയുടെ കൈയിലിരിക്കുന്നു മറ്റാരോ നൽകിയ റോസാപ്പൂ. ആത്മനിയന്ത്രണം വിട്ട കാമുകൻ ആ ചതി ചെയ്തയാളെ തേടി നെട്ടോട്ടമായി. അവസാനം താൻ സ്വന്തമെന്നു കരുതിയയാൾക്ക് റോസാപ്പൂ നൽകിയ വില്ലനെ യുവാവ് കണ്ടെത്തി.
പിന്നെ കോട്ടയം നാഗന്പടം മൈതാനത്ത് മിന്നുന്ന പ്രകടനമായിരുന്നു. നാടൻ റോസാപ്പൂ വിപ്ലവം. കാമുകിക്കു കരുതിയ റോസാപ്പൂ വലിച്ചെറിഞ്ഞശേഷം കാമുകൻ വില്ലനെ അടിച്ചു. വില്ലൻ തിരിച്ചും തല്ലി. വൈകാതെ രണ്ടു കാമുകൻമാരുടെയും കൂട്ടുകാർ വിഷയം ഏറ്റുപിടിച്ചതോടെ കൂട്ടത്തല്ലായി. നാഗന്പടം മൈതാനത്തെ എട്ടുപത്തു യുവാക്കൾ ചേരി തിരിഞ്ഞു ഇന്നലെ രാവിലെ നടത്തിയ കൂട്ടത്തല്ല് കണ്ടു നിന്നവർ അന്തം വിട്ടു. ഇരുകൂട്ടരും അടിച്ചുപിരിയാറായപ്പോൾ പോലീസെത്തി.
സംഗതിയുടെ പൊരുൾ അറിഞ്ഞപ്പോൾ പോലീസിന് വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. അതിനാൽ അവർ മൗനം പാലിച്ചു. പലരിൽനിന്നും റോസപ്പൂ വാങ്ങിയ കാമുകി ഇതോടെ സ്ഥലം കാലിയാക്കിയിരുന്നു. സംഭവത്തിനുശേഷം കാമുകിയുടെ മൊബൈൽ സ്വിച്ച് ഓഫാണെന്നു പോലീസ് സ്ഥിരീകരിച്ചു.