സെക്രട്ടറിയേറ്റില്‍ മൊട്ടിട്ട പ്രണയം 20 വര്‍ഷത്തിനു ശേഷം പൂവണിഞ്ഞു; സിനിമാക്കഥയെ വെല്ലുന്ന അണ്ടര്‍ സെക്രട്ടറിമാരുടെ പ്രണയം ആരെയും മോഹിപ്പിക്കും…

 

തിരുവനന്തപുരം: പല പ്രണയ കഥകളും കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമായായിരിക്കും. 20 വര്‍ഷം നീണ്ട പ്രണയകഥയ്ക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശുഭ പര്യവസാനമായത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഇരുവരും തങ്ങളുടെ പ്രണയം പൂവണിയാന്‍ കാത്തിരുന്നതാകട്ടെ 20 വര്‍ഷവും.ഒടുവില്‍ രണ്ടു ദശാബ്ദത്തിനു ശേഷം വീട്ടുകാരുടെ എതിര്‍പ്പ് അലിഞ്ഞ് ഇല്ലാതായതോടെ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ അവര്‍ ഒന്നിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ അമ്പതുകാരന്‍ രാമദാസന്‍ പോറ്റിയാണ് കഥാനായകന്‍. 44 കാരിയായ പത്തനംതിട്ട സ്വദേശിനി രജനിയായിരുന്നു നായിക. നിലവില്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിമാരാണ് ഇരുവരും. ആരുടെയും മനസ്സില്‍ തൊടുന്ന ഇരുവരുടെയും പ്രണയകഥയറിഞ്ഞ് ഇരുവരെയും ഒന്നിപ്പിച്ചതും വിവാഹത്തിന് പ്രേരിപ്പിച്ചതും സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു.1996ല്‍ നിയമസഭയില്‍ ജോലി കിട്ടി വരുമ്പോഴാണ് ഇരുവര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിടുന്നത്. നിയമസഭാ സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റുമാരായി ജോലിക്ക് കയറിയ ഇരുവര്‍ക്കും അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ ഇരുവര്‍ക്കുമിടയില്‍ പ്രണയം വന്നെത്തി. ഇരുവര്‍ക്കും ഒരേ ജോലിയും സമ്പാദ്യവും ഒക്കെ ഉണ്ടായിട്ടും അവിടെ വില്ലനായത് പതിവു പോലെ ജാതിയും മതവും ഒക്കെയായിരുന്നു.

ജാതി പറഞ്ഞ് വീട്ടുകാര്‍ ഇടങ്കോലിട്ടതോടെ ഇവരുടെ മോഹത്തിനുമേല്‍ കരിനിഴല്‍ വീണു. വീട്ടുകാരെ എതിര്‍ത്ത് സ്വന്തം ഇഷ്ടം നടത്താന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ അതിനു തയ്യാറല്ലായിരുന്നു. അങ്ങനെ 20 വര്‍ഷം അവര്‍ കാത്തിരുന്നു. ഓരോ വര്‍ഷം കഴിയുമ്പോഴും അന്യോന്യമുള്ള സ്‌നേഹം കൂടുകയല്ലാതെ കുറഞ്ഞതുമില്ല. ഒടുവില്‍ ഇവരുടെ കഥയറിഞ്ഞ സ്പീക്കര്‍ മുന്‍കൈ എടുത്തതോടെ ഇരുവര്‍ക്കും പ്രണയസാഫല്യം.

പടിഞ്ഞാറേക്കോട്ട ശ്രീപത്മം ഓഡിറ്റോറിയത്തിലെ വിവാഹവേദിയിലേക്ക് തീമഞ്ഞ നിറത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളും പിച്ചിപ്പൂവും അണിഞ്ഞ് രജനിയും ക്രീംകളര്‍ ഷര്‍ട്ടും മുണ്ടുമണിഞ്ഞ് രാമദാസന്‍ പോറ്റിയും എത്തിയപ്പോള്‍ അവരുടെ നിശബ്ദ പ്രണയത്തിന് പിന്തുണയുമായി ഇക്കാലമത്രയും കാത്തിരുന്നവര്‍ ആഹ്ലാദിച്ചു. ഹൃദയം തുളുമ്പുന്ന ചിരിയുമായി വധൂവരന്മാര്‍ എല്ലാവരെയും വരവേറ്റു. കടയ്ക്കല്‍ കുമ്മിള്‍ പുത്തന്മഠത്തില്‍ പരേതരായ എന്‍. ശങ്കരന്‍ പോറ്റിയുടേയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി. സഹോദരങ്ങള്‍ അഞ്ച് പേരും കുടുംബ ജീവിതം നയിക്കുന്നു. പത്തനംതിട്ട ചിറ്റാര്‍ സ്വദേശിനിയാണ് രജനി. വി. രാമന്റെയും രത്‌നമ്മാളുടെയും മകള്‍. രണ്ട് പതിറ്റാണ്ട് പ്രണയത്തില്‍ ഉറച്ച് നിന്ന മകളെ രാമദാസന്‍ പോറ്റിയെ ഏല്‍പ്പിച്ച നിമിഷം ആ അച്ഛന് നിര്‍വൃതിയുടേതായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവര്‍ വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. എന്തായാലും തീവ്രമായി പ്രണയിക്കുന്നവര്‍ക്ക് ഉദാത്തമായ മാതൃകയായിരിക്കുകയാണ് ഈ ദമ്പതികള്‍.

Related posts