ന്യൂഡൽഹി: ലൗ ജിഹാദ് കേസിൽ സിബിഐ ആദ്യമായി കുറ്റപത്രം ഫയൽ ചെയ്തു. ദേശീയ ഷൂട്ടിംഗ് താരം താര സഹ്ദേ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ ഫയൽ ചെയ്ത കേസിലാണ് സിബിഐ കുറ്റപത്രം തയാറാക്കിയത്.
ഇസ്ലാം മതം സ്വീകരിക്കാൻ ഭർത്താവ് രഞ്ജിത് സിംഗ് കോഹ്ലി നിർബന്ധിച്ചെന്ന് ആരോപിച്ചാണ് താര പരാതി നൽകിയത്. കോഹ്ലിക്കെതിരെ ബലാത്സംഗക്കുറ്റവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും സിബിഐ ചുമത്തിയിട്ടുണ്ട്. റാഞ്ചി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2015 മേയ് 11നാണ് ജാർഖണ്ഡ് കോടതി കേസ് സിബിഐക്കു കൈമാറിയത്.
2014 ജൂലൈയിലാണ് രഞ്ജിത്ത് സിംഗ് താരയെ വിവാഹം കഴിച്ചത്. ഷൂട്ടിംഗ് പരിശീലനത്തിനിടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇവർ വിവാഹിതരാകുകയായിരുന്നു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. എന്നാൽ റഖിബുൾ ഹസൻ ഖാൻ എന്ന യതാർഥ പേര് മറച്ചുവച്ചാണ് രഞ്ജിത്ത് താരയെ വിവാഹം ചെയ്തത്.
വിവാഹിതരായി അന്നുരാത്രി തന്നെ മതപരിവർത്തനം നടത്തി മുസ്ലിമാകണമെന്നു കോഹ്ലി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്നോട് ചോദിക്കാതെ, മതപരിവർത്തനമെന്നു പറഞ്ഞ് സാറ എന്ന പുതിയ പേരിട്ടു. പേര് മാറ്റാൻ വസമ്മതിച്ചപ്പോൾ മർദിക്കുകയും നായ്ക്കളെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും താര പരാതിയിൽ ആരോപിച്ചു.
എന്നാൽ, ഭർത്താവിന്റെ വാദം മറ്റൊന്നാണ്. 2015 ഓഗസ്റ്റ് 14ന് താരയും രഞ്ജിത്തിന്റെ മാതാവും തമ്മിൽ തർക്കമുണ്ടായി. ഇതേതുടർന്ന് രഞ്ജിത് എന്ന റഖിബുൾ ഹസൻ ഖാൻ താരയെ അടിച്ചു. അഞ്ചു ദിവസത്തിനുശേഷം താര പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് രഞ്ജിത് പറയുന്നു. ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചെന്ന ആരോപണം രഞ്ജിത് തള്ളി.