പ്രണയത്തിനു കണ്ണും മൂക്കും മാത്രമല്ല തലച്ചോറുമില്ലെന്ന് ആ പാവം കോടീശ്വരൻ തെളിയിച്ചിരിക്കുകയാണ്. അല്ലെങ്കിൽ കാമുകിയുമായി ഒന്നിക്കാൻ വിമാനം ഹൈജാക്ക് ചെയ്തെന്നൊക്കെ ഇങ്ങനെ “തള്ളാൻ’പറ്റുമോ? മുംബൈ -ഡൽഹി ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോവുകയാണെന്നും ബോംബ് വച്ചിട്ടുണ്ടെന്നും വ്യാജസന്ദേശം ചമച്ച ജ്വല്ലറി ഉടമ ബിർജു കിഷോർ സല്ലായാണ് കാമുകിക്കൊപ്പം സമയം ചെലവിടാൻ ഭീമാബന്ധം കാട്ടിക്കൂട്ടിയത്.
കക്ഷിയെ പോലീസ് പൊക്കിയതോടെയാണ് ജെറ്റ് എയർവേസിന്റെ ഡൽഹി ഓഫീസ് ജീവനക്കാരിയായ കാമുകിക്ക് അവധി ലഭിക്കാൻ കാണിച്ച അതിബുദ്ധിയാണ് വിമാനം തട്ടിക്കൊണ്ടുപോകൽ ഭീഷണിയെന്നു തെളിഞ്ഞത്. വിമാനം റദ്ദാക്കിയാൽ കാമുകിക്ക് അവധി ലഭിക്കുകയും മുംബൈയിൽ തന്റെ അടുത്തേക്കു വരുമെന്നുമായിരുന്നു ബിർജു കിഷോർ കരുതിയത്.
ബിർജു കിഷോറിനെ പോലീസ് ആന്റിഹൈജാക്കിംഗ് നിയമത്തിനുകീഴിൽ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഈ നിയമപ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുന്നത്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് ജീവപര്യന്തം തടവുവരെ ലഭിക്കാം. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കഴിയും.
വിമാനത്തിലെ ടോയ്ലറ്റിനുള്ളിലാണ് ഇയാൾ ഭീഷണിക്കത്ത് വച്ചത്. വിമാനം പാക് അധിനിവേശ കാഷ്മിരിലേക്ക് തട്ടിക്കൊണ്ടു പോവുകയാണെന്നായിരുന്നു ഉ ർദുവിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പിലുണ്ടായിരുന്നത്. വിമാനം നേരെ പാക് അധീനകാഷ്മീരിലേക്കു അയയ്ക്കണം. 12 ഹൈജാക്കർമാരാണ് വിമാനത്തിലുള്ളത്. ലാൻഡ് ചെയ്യാൻ ശ്രമിച്ചാൽ യാത്രക്കാർ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാർഗോ ഏരിയയിൽ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങൾ ഡൽഹിയിൽ ഇറങ്ങിയാൽ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു.
ഇതോടെ വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി. തിങ്കളാഴ്ച പുലർച്ചെ 2.55 ന് മുംബൈയിൽനിന്ന് ടേക്ക്ഓഫ് ചെയ്ത വിമാനം 3.45 ന് അഹമ്മദാബാദിൽ ഇറക്കി. വിമാനത്തിൽ 115 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്നു.
വിമാനത്തിനുള്ളിൽ പാറ്റയെ കൊണ്ടുവന്ന് നേരത്തെ സല്ല വിവാദമുണ്ടാക്കിയിരുന്നു. മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പു നല്കിയതി നെത്തുർന്നാണ് അന്ന് അധികൃതർ വിട്ടയച്ചത്.