ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സർവകലാശാലയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക്. ഖൈബർ പഖ്തുൻഖ്വ പ്രവശ്യയിലെ ബച്ചാ ഖാൻ സർവകലാശാലയാണ് വിചിത്ര നിയമം പുറപ്പെടുവിച്ചത്. ഇസ്ലാം വിരുദ്ധ പ്രവർത്തിയായതിനാൽ വിലക്ക് ഏർപ്പെടുത്തുന്നതായാണ് സർവകലാശാലയുടെ വിശദീകരണം.
ഇത്തരം പ്രവർത്തികൾ ഇസ്ലാം വിരുദ്ധമാണെന്നും ഇതിൽനിന്നും വിദ്യാർഥികളെ പിന്തിരിപ്പിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു. നിയമം ലംഘിച്ചാൽ കനത്ത പിഴയ്ക്കൊപ്പം മാതാപിതാക്കളെ വിവരം അറിയിക്കുമെന്ന ഭീഷണിയുമുണ്ട്.
സർവകലാശാല കാമ്പസിൽ ഇസ്ലാമിക് വിരുദ്ധമായ പ്രവർത്തനങ്ങൾ വർധിച്ച് വരികയാണ്. ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തും. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കുന്നത് വിലക്കിയിരിക്കുന്നു. വിദ്യാർഥികൾ ആണും പെണ്ണുമായി ഒന്നിച്ചു കണ്ടാൽ അവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. കനത്ത പിഴയും ഇതിനൊപ്പം മാതാപിതാക്കളെ കോളജിലേക്ക് വിളിപ്പിക്കുകയും ചെയ്യും. അതിനാൽ അസ്വാഭാവിക സാഹചര്യങ്ങൾ ഒഴിവാക്കാൻ ആൺകുട്ടികളും പെൺകുട്ടികളും യോജിച്ച രീതിയിൽ പെരുമാറണമെന്നും സർക്കുലർ പറയുന്നു.
സംഭവം പുറത്തായതോടെ സർക്കുലറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിൽ സർക്കുലർ വൈറലായി. നിരവധി പേർ സർക്കുലറിനെ സമൂഹമാധ്യമങ്ങളിൽ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.