ജയ്പുർ: ലൗജിഹാദിനെക്കുറിച്ചും ക്രിസ്ത്യൻ “ഗൂഢാലോചന’ സംബന്ധിച്ചും വിവരിക്കുന്ന ആധ്യത്മിക മേളയിൽ എല്ലാ സ്കൂളുകളും പങ്കെടുക്കണമെന്ന് രാജസ്ഥാൻ സർക്കാർ. ഹിന്ദു സ്പിരിച്വാലിറ്റി ആൻറ് സർവീസ് ഫൗണ്ടേഷൻ എന്ന സംഘടന സംഘടിപ്പിക്കുന്ന മേളയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്. മേളയിൽ ലൗ ജിഹാദ്, ക്രിസ്ത്യൻ “ഗൂഢാലോചന’ തുടങ്ങിയ വിഷയങ്ങൾ വിവരിക്കുന്ന പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകളാണുള്ളത്.
തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദളിന്റെ സ്റ്റാളിൽ ലൗജിഹാദിൽനിന്ന് എപ്രകാരം കുട്ടികളെ രക്ഷിക്കാമെന്നു വിവരിക്കുന്ന പുസ്തകങ്ങളാണുള്ളത്. ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വിവാഹമാണ് ലൗജിഹാദിന് ഉദാഹരണമായി പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. മുസ്ലിമായ നടൻ തന്റെ ഹിന്ദു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തിരിക്കുന്നതായി പുസ്തകം പറയുന്നു.
ആയിരം വർഷങ്ങളായി മുസ്ലിംകൾ ലൗജിഹാദിലൂടെ മതപരിവർത്തനം നടത്തുന്നതായി മറ്റൊരു പുസ്തകത്തിൽ പറയുന്നു. ബോളിവുഡ് നടി കരീന കപൂറിന്റെ മുഖചിത്രമുള്ള ലഘുലേഖയിൽ എപ്രകാരം ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കൾ ഇരയാക്കുന്നുവെന്ന് വിവരിക്കുന്നു.
ഹിന്ദു വീടുകളിൽ നിരന്തരം മുസ്ലിം ആണ്‍കുട്ടികൾ സന്ദർശനം നടത്തും. ആ വീട്ടിലെ മാതാപിതാക്കളെ മാതാജി എന്നും പിതാജി എന്നും സംബോധന ചെയ്യും. അവരുടെ പെണ്‍കുട്ടികളുമായി പ്രണയം സ്ഥാപിക്കുകയും വിവാഹത്തിന് വീട്ടുകാർ എതിർക്കുന്പോൾ അവർ ഒളിച്ചോടുകയും ചെയ്യും. പിന്നീട് മുസ്ലിം മതാചാര പ്രകാരം വിവാഹം കഴിക്കും. കുറച്ചുകാലം കഴിയുന്പോൾ ആ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മറ്റൊരുവളുമായി പ്രണയത്തിലാവുമെന്നും ലഘുലേഖയിൽ പറയുന്നു.
നീലപുറംചട്ടയുള്ള പുസ്തകത്തിലെ ആരോപണം ലൗ ജിഹാദിലൂടെ വിവാഹം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം പുരുഷൻമാർ വേശ്യാവൃത്തിയിലേക്കും ഭീകരവാദപ്രസ്ഥാനങ്ങളിലേക്കും തള്ളിയിടുന്നതായാണ്. ഈ മാസം 16 നാണ് മേള തുടങ്ങിയത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കുട്ടികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.