തിരുവനന്തപുരം: ലൗജിഹാദ് ബിജെപിയുടെ നുണബോംബെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഈ വിഷയം എടുത്തു പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്.
മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽ ജനങ്ങൾ വീഴില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ക്രിസ്ത്യൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്ത സംഭവം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, ലൗ ജിഹാദ് യാഥാർഥ്യമാണെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളെ വലയിലാക്കാൻ ചില സംഘടനകളുടെ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം പാർട്ടി രേഖകളിൽ തന്നെ പറയുന്നുണ്ടെന്നും സിപിഎം നേതാവ് ജോർജ് എം. തോമസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും രംഗത്തുവന്നു. ജോർജ് എം. തോമസിനു നാക്കു പിഴ സംഭവിച്ചെന്നാണ് പി. മോഹനൻ പറഞ്ഞത്.
വ്യത്യസ്ത മതങ്ങളിൽപ്പെട്ട പ്രായപൂർത്തിയായവർ വിവാഹം ചെയ്യുന്നതിൽ അസ്വാഭാവികത കാണുന്നില്ല. ലൗ ജിഹാദ് ആരോപണം ആർഎസ്എസ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ കേരളത്തിൽ ലൗജിഹാദുണ്ടെന്ന പ്രസ്താവന തിരുത്തി ജോർജ് എം. തോമസ് രംഗത്തുവന്നു. കേരളത്തിൽ ലൗജിഹാദ് ഇല്ല. ഇത്തരത്തിലൊരു സംഭവമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നുമാണ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.