ജയ്പുർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതിയെ പ്രശംസിച്ച് ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ. എംപി രാജ്സമന്ദ് ഹരിഓം സിംഗ് റാത്തോഡ്, എംഎൽഎ കിരണ്‍ മഹേശ്വരി എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയായ ശംഭുലാൽ രേഗറിനെ പ്രശംസിക്കുന്നത്.
സ്വച്ഛ് രാജ്സമന്ദ്, സ്വച്ഛ് ഭാരത് എന്നാണു ഗ്രൂപ്പിന്റെ പേര്. ലൗ ജിഹാദികൾ ജാഗ്രത പാലിക്കൂ, ശംഭുലാൽ ഉണർന്നു, ജയ് ശ്രീറാം എന്നായിരുന്നു ഗ്രൂപ്പിലെത്തിയ ഒരു സന്ദേശം. എന്നാൽ സന്ദേശങ്ങളെ സംബന്ധിച്ച് അറിവില്ലെന്നാണ് എംപി റാത്തോഡിന്റെ വാദം. കിരണ്‍ മഹേശ്വരിയും സംഭവം നിഷേധിച്ചു.
ലൗ ജിഹാദ് ആരോപിച്ചാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ ശംഭുലാൽ കൊലപ്പെടുത്തിയത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് വെട്ടി വീഴ്ത്തി തീ കൊളുത്തുകയുമായിരുന്നു. ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ചു.