കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി കേസ്. കോഴിക്കോട് സ്വദേശിനിയും നഗരത്തിൽ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യൻ പെണ്‍കുട്ടിയെയാണ് മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും നടപടി സ്വീകരിക്കാന്‍ കോഴിക്കോട് സിറ്റി പോലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല.
കേന്ദ്രത്തിനു പരാതി
പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ എന്നീ ഏജന്‍സികൾ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ഏഴിനു വൈകിട്ടു മൂന്നോടെ പെൺകുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാർക്ക് സന്ദർശിക്കാൻ പോയി. ഈ സമയം അവിചാരിതമായെന്ന ഭാവേന അവിടെയെത്തിയ ജാസിം പെൺകുട്ടിക്കു ജ്യൂസ് നൽകി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു പീഡിപ്പിക്കുകയും ഇതു മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തെന്നാണു പരാതി .
ഈ ദൃശ്യങ്ങള്‍ കാണിച്ചാണു പെണ്‍കുട്ടിയെ ജാസിം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്തത്. ഇതിനു പുറമേ മതം മാറാൻ നിര്‍ബന്ധിച്ചു. പരാതിപ്പെട്ടാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഹോസ്റ്റലിൽനിന്നു കാറിൽ വീട്ടിലേക്കു പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ നേതൃത്വത്തിൽ സംഘം ശ്രമിച്ചതിന്റെ വീഡിയോ ക്ലിപ്പിംഗ് ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.
കൂടുതൽ പേർ
പാർക്കിലേക്ക് ഒപ്പം പോയ രണ്ടു പെൺകുട്ടികളെയും ഈ വിധത്തിൽ നേരത്തെ പീഡിപ്പിച്ചതായും പറയുന്നു. നഗ്നചിത്രങ്ങൾ കാണിച്ചു മതം മാറാൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നു രണ്ടു പെൺകുട്ടികളും പഠനം നിർത്തി പോയതായി പെൺകുട്ടി പോലീസിനു മൊഴിനൽകി. ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പോലീസില്‍ പരാതി നല്കി.
വിശദമായ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്കു കൈമാറുകയും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാൽ, കേസില്‍ തുടര്‍നടപടി ഉണ്ടായില്ല. വിഷയത്തിൽ ആദ്യം ഗൗരവമായി ഇടപെട്ട സിറ്റി പോലീസ് കമ്മീഷണർ പിന്നീടു നിലപാടു മാറ്റിയെന്നും പ്രതിയുടെ ഉന്നതബന്ധമാണിതിനു കാരണമെന്നും പിതാവ് പരാതിപ്പെടുന്നു.
ലൗ ജിഹാദ്
അതേസമയം, പെണ്‍കുട്ടിയെ മതം മാറ്റാനായി ശ്രമിച്ചതിനു പിന്നില്‍ മതതീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ലൗ ജിഹാദ് എന്ന പേരില്‍ വ്യാപകമായി മതംമാറ്റം നടത്തിയിരുന്ന സംഘടനയാണ് ഇതിനു പിന്നിലുള്ളതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമത്തിലാണിപ്പോൾ. അതേസമയം, ഇയാൾ കേരളത്തിനു പുറത്തു പലേടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 52 യുവതികളെ കോഴിക്കോട് ജില്ലയില്‍ മാത്രം മതം മാറ്റിയെന്നാണു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനു ലഭിച്ച വിവരം. അടുത്തിടെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്സുമാരെ മതം മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളോടും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്.